ഷെയ്ന് ഒരു കോടി നല്‍കണമെന്ന് നിര്‍മാതാക്കള്‍; ചര്‍ച്ച പരാജയം

കൊച്ചി: ഷെയ്ന് നിഗം വിഷയത്തില്‍ നിര്‍മാതാക്കളുടെ സംഘടനയുമായി അമ്മ നടത്തിയ ചര്‍ച്ച പരാജയം. ഷെയ്ന് ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് നിര്‍മാതാക്കളുടെ സംഘടന ആവശ്യപ്പെട്ടു. ഇത് അംഗീകരിക്കാനാവില്ലെന്ന് അമ്മ വ്യക്തമാക്കിയതോടെയാണ് ചര്‍ച്ച പരാജയപ്പെട്ടത്. നിര്‍മാതാക്കളുടെ ആവശ്യം അംഗീകരിക്കാന്‍ കഴിയില്ലെന്നും വിഷയത്തില്‍ അമ്മ ഷെയ്നൊപ്പമാണെന്നും ഭാരവാഹികള്‍ പറഞ്ഞു.
ഉല്ലാസം സിനിമയുടെ ഡബ്ബിംഗ് ഷെയ്ന് പൂര്‍ത്തിയാക്കിയതോടെയാണ് ചര്‍ച്ചയ്ക്ക് വഴിയൊരുങ്ങിയത്. എന്നാല്‍ ഷെയ്നെ മാനസികമായി പീഡിപ്പിക്കുന്ന നീക്കമാണ് നിര്‍മാതാക്കളുടെ ഭാഗത്തു നിന്നുണ്ടായതെന്ന് താര സംഘടനയുടെ പ്രതിനിധികള്‍ ആരോപിച്ചു. ഡബ്ബിംഗ് പൂര്‍ത്തിയാക്കിയ ശേഷം പ്രശ്നങ്ങള്‍ പരിഹരിക്കാമെന്നായിരുന്നു നിര്‍മാതാക്കള്‍ അറിയിച്ചിരുന്നത്.
ഇതനുസരിച്ച് ഡബ്ബിംഗ് പൂര്‍ത്തിയാക്കാന്‍ ആവശ്യപ്പെട്ടു. ഷെയ്ന് ഡബ്ബിംഗ് ചെയ്യുകയും ചെയ്തു. എന്നാല്‍ ഷെയ്ന് ഇപ്പോള്‍ ഒരു കോടി രൂപ നല്‍കണമെന്നാണ് നിര്‍മാതാക്കള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതേക്കുറിച്ച് അവര്‍ സൂചന പോലും നല്‍കിയിരുന്നില്ലെന്ന് ഇടവേള ബാബു വ്യക്തമാക്കി.