നിര്‍മാതാക്കളെ മനോരോഗികള് എന്ന് വിളിച്ച സംഭവം; മാപ്പ് പറഞ്ഞ് ഷെയ്ന് നിഗം
കൊച്ചി: നിര്‍മാതാക്കളെ മനോരോഗികള് എന്ന് വിശേഷിപ്പിച്ച സംഭവത്തില് മാപ്പ് പറഞ്ഞ് ഷെയ്ന് നിഗം. വിഷയം രമ്യമായി പരിഹരിക്കണമെന്നും ഷെയ്ന്‍ ആവശ്യപ്പെട്ടു. പ്രൊഡ്യൂസേഴ്‌സ് കൗണ്‍സില്‍, ഫെഫ്ക, അമ്മ എന്നിവര്‍ക്ക് നല്‍കിയ കത്തിലാണ് ഷെയ്ന്‍ മാപ്പ് പറഞ്ഞത്. തന്റെ പ്രസ്താവനയില്‍ ആര്‍ക്കെങ്കിലും വിഷമമുണ്ടായിട്ടുണ്ടെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നും ഷെയ്ന്‍ വ്യക്തമാക്കി.
തിരുവനന്തപുരത്ത് അന്താരാഷ്ട്ര ചലച്ചിത്രമേളക്കിടെ മാധ്യമങ്ങളുമായി സംസാരിക്കുമ്പോഴാണ് നിര്‍മാതാക്കളെ മാനസികരോഗികള്‍ എന്ന് ഷെയ്ന്‍ വിശേഷിപ്പിച്ചത്. ഇതേത്തുടര്‍ന്ന് ഷെയ്‌നുമായി ചര്‍ച്ചക്കില്ലെന്ന് നിര്‍മാതാക്കളുടെ സംഘടന വ്യക്തമാക്കിയിരുന്നു. ഷെയ്ന്‍ മാപ്പ് പറയണമെന്നും സംഘടന ആവശ്യപ്പെട്ടിരുന്നു. ഷെയ്‌ന്റെ കത്ത് കിട്ടിയതായി പ്രൊഡ്യൂസേഴ്സ് കൗണ്‍സില്‍ അധ്യക്ഷന്‍ എം. രഞ്ജിത്ത് അറിയിച്ചു.
എന്നാല്‍ ജനുവരിയില്‍ അമ്മയുടെ എക്‌സിക്യൂട്ടീവ് ചേര്‍ന്നതിന് ശേഷം മാത്രമേ ഷെയ്‌ന്റെ കാര്യത്തില്‍ തുടര്‍ നടപടികള്‍ ഉണ്ടാകൂ എന്നാണ് വിവരം.

