ഷെയ്ന്‍ നിഗമിന്റെ മാപ്പപേക്ഷ അംഗീകരിക്കില്ലെന്ന് നിര്‍മാതാക്കള്‍; അമ്മ എക്‌സിക്യൂട്ടീവ് യോഗത്തില്‍ വിളിച്ചു വരുത്തും

ഷെയ്ന് നിഗം നല്കിയ മാപ്പപേക്ഷ അംഗീകരിക്കില്ലെന്ന നിലപാടില് നിര്മാതാക്കളുടെ സംഘടന.
 | 
ഷെയ്ന്‍ നിഗമിന്റെ മാപ്പപേക്ഷ അംഗീകരിക്കില്ലെന്ന് നിര്‍മാതാക്കള്‍; അമ്മ എക്‌സിക്യൂട്ടീവ് യോഗത്തില്‍ വിളിച്ചു വരുത്തും

കൊച്ചി: ഷെയ്ന്‍ നിഗം നല്‍കിയ മാപ്പപേക്ഷ അംഗീകരിക്കില്ലെന്ന നിലപാടില്‍ നിര്‍മാതാക്കളുടെ സംഘടന. ഷെയ്ന്‍ നിഗമിനോടുള്ള നിലപാടില്‍ വിട്ടുവീഴ്ചയില്ലെന്നും മലയാള സിനിമയുടെ ചരിത്രത്തില്‍ ഇന്നേ വരെ ഉണ്ടാകാത്ത അനുഭവമാണ് ഷെയ്ന്‍ നിഗത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടായതെന്നും സംഘടനാ പ്രസിഡണ്ട് എം. രഞ്ജിത്ത് പറഞ്ഞു. ഉല്ലാസം സിനിമ ഡബ്ബ് ചെയ്യാതെ ഷെയ്നുമായി യാതൊരു ചര്‍ച്ചകള്‍ക്കുമില്ലെന്നും എം. രഞ്ജിത്ത് വ്യക്തമാക്കി.

ഷെയ്ന്‍ നിഗം വിഷയത്തില്‍ താരസംഘടനയായ അമ്മയുടെ യോഗം ജനുവരി 9ന് ചേരും. യോഗത്തിലേക്ക് ഷെയ്‌നെ വിളിച്ചു വരുത്തും. ഷെയ്‌ന്റെ നിലപാട് അറിഞ്ഞ ശേഷം നിര്‍മാതാക്കളുമായി ചര്‍ച്ച നടത്താനാണ് സംഘടന തീരുമാനിച്ചിരിക്കുന്നത്. നിര്‍മാതാക്കളെ മനോരോഗികള്‍ എന്ന് വിളിച്ച സംഭവത്തില്‍ ഷെയ്ന്‍ കഴിഞ്ഞ ദിവസം മാപ്പ് ചോദിച്ചിരുന്നു.

മാപ്പ് ചോദിച്ചു കൊണ്ടുള്ള കത്ത് അമ്മ, ഫെഫ്ക, പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ എന്നിവര്‍ക്ക് നല്‍കുകയായിരുന്നു. വിഷയം രമ്യമായി പരിഹരിക്കണമെന്നാണു കത്തില്‍ ആവശ്യപ്പെടുന്നത്. ഇതിന് മുന്‍പും ഷെയ്ന്‍ ഫെയിസ്ബുക്ക് പോസ്റ്റിലൂടെ ക്ഷമാപണം നടത്തിയിട്ടുണ്ട്. പിന്നാലെയാണ് തിരുവനന്തപുരം രാജ്യാന്തര ചലച്ചിത്രമേളയില്‍ വെച്ച് നിര്‍മാതാക്കള്‍ക്കെതിരായ പരാമര്‍ശം നടത്തിയത്.