വീണ്ടും പ്രതിഷേധവുമായി ഷെയ്ന്‍ നിഗം; മുടിയും താടിയും വെട്ടിയ ചിത്രം സോഷ്യല്‍ മീഡിയയില്‍

വെയില് എന്ന ചിത്രത്തിന്റെ അണിയറ പ്രവര്ത്തകരുമായുള്ള നടന് ഷെയ്ന് നിഗമിന്റെ പ്രശ്നം കൂടുതല് ഗുരുതരമാകുന്നു. മുടിയും താടിയും വെട്ടിയുള്ള ചിത്രം ഷെയ്ന്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു. കുര്‍ബാനി എന്ന ചിത്രത്തിന് വേണ്ടി മുടിയുടെ പിന്‍ഭാഗം വെട്ടിയതിന് വെയിലിന്റെ നിര്‍മാതാവ് ഭീഷണിപ്പെടുത്തിയെന്ന് ഷെയ്ന്‍ നേരത്തേ വെളിപ്പെടുത്തിയതോടെയാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചത്. മുടിയും താടിയും വെട്ടരുതെന്നായിരുന്നു കരാര്‍ എന്ന് നിര്‍മാതാവ് ജോബി ജോര്‍ജും വ്യക്തമാക്കിയിരുന്നു. പിന്നീട് താരസംഘടന അമ്മയുടെ മധ്യസ്ഥതയില്‍ പ്രശ്‌നം ഒത്തുതീര്‍പ്പാക്കിയിരുന്നു.

ചിത്രത്തിന്റെ ഷൂട്ടിംഗ് പുനരാരംഭിച്ചതിന് പിന്നാലെ പ്രശ്‌നങ്ങള്‍ വീണ്ടും തലപൊക്കിത്തുടങ്ങി. ഷെയ്ന്‍ സഹകരിക്കുന്നില്ലെന്ന് സംവിധായകനും സംവിധായകന്‍ തന്നെ പീഡിപ്പിക്കുകയാണെന്ന് ഷെയ്‌നും ആരോപണങ്ങളുമായി രംഗത്തെത്തി. ഇതിന് പിന്നാലെയാണ് ചിത്രത്തിന്റെ ഷൂട്ടിങ്ങിനെ തന്നെ ബാധിക്കുന്ന വിധത്തില്‍ മുടിയും താടിയും വെട്ടിയ ദൃശ്യങ്ങള്‍ ഷെയ്ന്‍ പുറത്തു വിട്ടിരിക്കുന്നത്. ഇതോടെ വിവാദം മറ്റൊരു തലത്തിലേക്ക് മാറുകയാണ്. ഒത്തുതീര്‍പ്പ് ചര്‍ച്ചയില്‍ ഇനി മുടി വെട്ടില്ലെന്നും വെയിലിന്റെ ചിത്രീകരണം പൂര്‍ത്തിയായ ശേഷം മാത്രമേ കുര്‍ബാനിയില്‍ അഭിനയിക്കൂ എന്നും ഷെയ്ന്‍ സമ്മതിച്ചിരുന്നു.
View this post on Instagram
View this post on Instagram
ഈ വ്യവസ്ഥയുടെ ലംഘനമാണ് ഇപ്പോള്‍ ഷെയ്ന്‍ നടത്തിയിരിക്കുന്നത്. വെയിലില്‍ താരം സഹകരിക്കാത്തത് ചൂണ്ടിക്കാട്ടി നിര്‍മാതാക്കളുടെ സംഘടന ഷെയിനെ ഇനി മറ്റു ചിത്രങ്ങളില്‍ അഭിനയിപ്പിക്കേണ്ട എന്ന് തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വെയിലിന്റെ സംവിധായകനെതിരെ ഷെയ്ന്‍ രംഗത്തെത്തിയത്.