കരാര്‍ ലംഘിച്ച ഷെയ്ന്‍ നിഗമിനെ കാത്തിരിക്കുന്നത് കടുത്ത നടപടികള്‍; തമിഴ് സിനിമയില്‍ നിന്ന് ഒഴിവാക്കിയെന്ന് റിപ്പോര്‍ട്ട്

വെയില് സിനിമയുടെ കരാര് ലംഘിച്ച് പ്രതിഷേധ സൂചകമായി മുടിയും താടിയും വടിച്ച ഷെയ്ന് നിഗമിനെ കാത്തിരിക്കുന്നത് കടുത്ത നടപടികളെന്ന് സൂചന.
 | 
കരാര്‍ ലംഘിച്ച ഷെയ്ന്‍ നിഗമിനെ കാത്തിരിക്കുന്നത് കടുത്ത നടപടികള്‍; തമിഴ് സിനിമയില്‍ നിന്ന് ഒഴിവാക്കിയെന്ന് റിപ്പോര്‍ട്ട്

കൊച്ചി: വെയില്‍ സിനിമയുടെ കരാര്‍ ലംഘിച്ച് പ്രതിഷേധ സൂചകമായി മുടിയും താടിയും വടിച്ച ഷെയ്ന്‍ നിഗമിനെ കാത്തിരിക്കുന്നത് കടുത്ത നടപടികളെന്ന് സൂചന. നിര്‍മാതാക്കള്‍ ഷെയ്ന്‍ അഭിനയിക്കുന്ന ചിത്രങ്ങളില്‍ നിന്ന് പിന്‍മാറാന്‍ തീരുമാനം എടുത്തിരുന്നു. വിഷയത്തില്‍ വിട്ടുവീഴ്ചക്കില്ലെന്ന നിലപാടിലാണ് നിര്‍മാതാക്കളുടെ സംഘടനയായ ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍. ഷെയ്ന്‍ നായകനായി നിര്‍മിക്കാനിരുന്ന ചിത്രത്തില്‍ നിന്ന് താരത്തെ ഒഴിവാക്കിയെന്നാണ് വിവരം.

സൗത്ത് ഇന്ത്യന്‍ ഫിലിം ചേംബറുമായി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ വിഷയം ചര്‍ച്ച ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം എന്നാണ് റിപ്പോര്‍ട്ട്. സിനിമയെ തകര്‍ക്കുന്ന വിധത്തില്‍ ഒരു നടന്റെ ഭാഗത്ത് നിന്ന് വൈരാഗ്യബുദ്ധിയോടെയുള്ള സമീപനം ഉണ്ടാകുന്നത് ആദ്യമായിട്ടാണെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് എം.രഞ്ജിത് വ്യക്തമാക്കി. ഇക്കാര്യത്തില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നാണ് സംഘടന അറിയിക്കുന്നത്.

വെയില്‍, കുര്‍ബാനി എന്നീ സിനിമകളിലാണ് ഷെയ്ന്‍ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. വെയില്‍ സംവിധായകനെതിരെ ഷെയ്ന്‍ പരാതി ഉന്നയിക്കുകയും ഇതിനെതിരെ സംവിധായകന്‍ ശരത് മേനോന്‍ രംഗത്തെത്തുകയും ചെയ്തിരുന്നു. പിന്നാലെയാണ് ചിത്രത്തിന്റെ മുന്നോട്ട് പോക്ക് പോലും പ്രതിസന്ധിയിലാക്കുന്ന വിധത്തില്‍ ഷെയ്ന്‍ മുടിയും താടിയും മുറിച്ചത്.