ഷംന കാസിം ബ്ലാക്ക്മെയില്‍ കേസ്; മുഖ്യപ്രതി പിടിയില്‍

കൊച്ചി: ഷംന കാസിമിനെ ബ്ലാക്ക്മെയില്‍ ചെയ്ത് പണം തട്ടാന്‍ ശ്രമിച്ച കേസിലെ മുഖ്യപ്രതി പിടിയില്‍. പാലക്കാട് സ്വദേശി ഷെരീഫ് ആണ് പിടിയിലായത്. ഇന്ന് പുലര്‍ച്ചയോടെ കസ്റ്റഡിയില്‍ എടുത്ത ഇയാളെ പോലീസ് ചോദ്യം ചെയ്തു വരികയാണ്. ഇയാള്‍ തമിഴ്നാട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്നുവെന്നും കോടതിയില്‍ കീഴടങ്ങാന്‍ നീക്കങ്ങള്‍ നടത്തുന്നതിനിടെയാണ് പിടിയിലായതെന്നും പോലീസ് അറിയിച്ചു.
ഷംന കാസിം നല്കിയ കേസിലും പണം തട്ടിയെടുത്തുവെന്നും തടഞ്ഞുവെച്ചുവെന്നും കാട്ടി മോഡലുകള്‍ ഉള്‍പ്പെടെ മറ്റു യുവതികള്‍ നല്കിയ പരാതിയിലും ഇയാള്‍ പ്രതിയാണ്. പല തട്ടിപ്പുകളിലും നേരിട്ട് പ്രത്യക്ഷപ്പെട്ടിരുന്നില്ലെങ്കിലും സൂത്രധാരന്‍ ഇയാളായിരുന്നു. ഷംന കാസിമിനെയും മറ്റു യുവതികളെയും ഫോണില്‍ വിളിച്ചിരുന്നത് ഇയാളായിരുന്നു.
ഷംന കാസിം നല്കിയ പരാതിയില്‍ നാല് പേര് പിടിയിലായിരുന്നു. ഇതിന് പിന്നാലെയാണ് മറ്റു യുവതികള്‍ പരാതിയുമായി രംഗത്തെത്തിയത്. പിടിയിലായവരും പരാതിക്കാരും നല്കിയ വിവരങ്ങളില്‍ നിന്നാണ് ഷെരീഫിനെക്കുറിച്ചുള്ള സൂചനകള്‍ പോലീസിന് ലഭിച്ചത്. കുഴല്‍പ്പണ ഇടപാടുകള്‍ക്കും സ്വര്‍ണ്ണക്കടത്തിനും സംഘം യുവതികളെ ഉപയോഗിച്ചതായാണ് വിവരം.