ഷൈൻ ടോമിനെയും മറ്റു പ്രതികളേയും കസ്റ്റഡിയിൽ വിട്ടു
കൊച്ചി: മയക്കുമരുന്നു കേസിൽ നടൻ ഷൈൻ ടോം ചാക്കോ അടക്കം അഞ്ചു പ്രതികളെ കസ്റ്റഡിയിൽ വിട്ടു. ആറു ദിവസത്തേക്കാണ് കസ്റ്റഡിയിൽ വിട്ടത്. പ്രതികൾ ഗോവാ, ചെന്നൈ എന്നിവടങ്ങളിലേക്ക് യാത്ര ചെയ്യാറുണ്ടെന്ന് പോലീസ് പറയുന്നു. ഈ നഗരങ്ങളിലെ മയക്കുമരുന്ന് സംഘങ്ങളുമായി ബന്ധപ്പെട്ടിട്ടുണ്ടോയെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. സിനിമക്കാരുടെ ഇടയിലെ മയക്കു മരുന്നു ബന്ധങ്ങളും പോലീസ് അന്വേഷിക്കും.
തന്റെ മകനെ ചതിച്ചതാണെന്ന് ഷൈൻ ടോമിന്റെ പിതാവ് ചാക്കോ രാവിലെ പറഞ്ഞിരുന്നു. ഷൈൻ മയക്കു മരുന്ന് ഉപയോഗിക്കാറില്ല. അവനെ സിനിമാക്കാര്യം ചർച്ച ചെയ്യാനെന്ന പേരിലാണ് കടവന്ത്രയിലെ ഫ്‌ളാറ്റിലേക്ക് വിളിച്ചു വരുത്തിയത്. മകനെ വിളിച്ചു വരുത്തിയത് സഹസംവിധായിക ബ്ലസിയാണെന്നും ചാക്കോ പറഞ്ഞു.
കേസിൽ ഷൈൻ ടോം മൂന്നാംപ്രതിയാണ്. കോഴിക്കോട് സ്വദേശിനിയും ഡിസൈനറുമായ രേഷ്മ രംഗസ്വാമിയാണ് ഒന്നാംപ്രതി. ഇവരുടെ പക്കൽ നിന്നാണ് ഏഴുഗ്രാം കൊക്കെയ്ൻ പിടിച്ചത്. ഷൈനിനെ ഫ്‌ളാറ്റിലേക്ക് ക്ഷണിച്ച സഹസംവിധായിക ബാംഗ്ലൂർ വളയം സ്വദേശിനി ബ്ലെസി സിൽവസ്റ്ററാണ് രണ്ടാംപ്രതി. ടിൻസി ബാബു, സ്‌നേഹ ബാബു എന്നിവരാണ് നാലും അഞ്ചും പ്രതികൾ. പിടിയിലാകുമ്പോൾ അഞ്ചുപേരും കൊക്കെയ്ൻ ഉപയോഗിച്ചിരുന്നുവെന്ന് പോലീസ് പറഞ്ഞു.

