വിദ്യാര്‍ത്ഥിയെ സ്റ്റേജില്‍ വിളിച്ച് കൂവിച്ച ടൊവിനോക്കെതിരെ സോഷ്യല്‍ മീഡിയ

പ്രസംഗിച്ചു കൊണ്ടിരുന്നപ്പോള് കൂവിയ വിദ്യാര്ത്ഥിയെ സ്റ്റേജില് വിളിച്ചു വരുത്തി മൈക്കിലൂടെ കൂവിച്ച ടൊവിനോയ്ക്കെതിരെ സോഷ്യല് മീഡിയ.
 | 
വിദ്യാര്‍ത്ഥിയെ സ്റ്റേജില്‍ വിളിച്ച് കൂവിച്ച ടൊവിനോക്കെതിരെ സോഷ്യല്‍ മീഡിയ

മാനന്തവാടി: പ്രസംഗിച്ചു കൊണ്ടിരുന്നപ്പോള്‍ കൂവിയ വിദ്യാര്‍ത്ഥിയെ സ്‌റ്റേജില്‍ വിളിച്ചു വരുത്തി മൈക്കിലൂടെ കൂവിച്ച ടൊവിനോയ്‌ക്കെതിരെ സോഷ്യല്‍ മീഡിയ. ഇന്നലെ മാനന്തവാടി മേരിമാതാ കോളേജില്‍ വെച്ചാണ് സംഭവമുണ്ടായത്. കളക്ടറും സബ്കളക്ടറും പങ്കെടുത്ത പരിപാടി ടൊവിനോ ഉദ്ഘാടനം ചെയ്യുന്നതിനിടെ കൂവിയ വിദ്യാര്‍ത്ഥിയെ താരം സ്‌റ്റേജിലേക്ക് വിളിപ്പിക്കുകയും നാല് തവണ നിര്‍ബന്ധിച്ച് മൈക്കിലൂടെ കൂവിക്കുകയുമായിരുന്നു.

അതേസമയം നടന്റെ പ്രവൃത്തിക്കെതിരെ ശക്തമായ വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. കയ്യടിയേക്കാള്‍ ഉച്ചത്തില്‍ കൂവിയും മുദ്രാവാക്യം വിളിച്ചുമാണ് ഓരോ കലാലയങ്ങളും വിദ്യാര്‍ത്ഥികളും രൂപപ്പെടുന്നതെന്ന് വിഷ്ണുരാജ് തുവയൂര്‍ കുറിക്കുന്നു. കയ്യടി മാത്രമേ നിങ്ങള്‍ സ്വീകരിക്കുകയുള്ളുവെങ്കില്‍ ഫാന്‍സ് അസോസിയേഷന്‍ സംഘടിപ്പിക്കുന്ന പരിപാടികളില്‍ മാത്രം പങ്കെടുക്കാന്‍ ശ്രമിക്കണമെന്നും പോസ്റ്റ് പറയുന്നു.

സോഷ്യല്‍ മീഡിയയില്‍ സജീവമായ മറ്റ് നിരവധി പേരും ടൊവിനോക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. മറ്റു വിദ്യാര്‍ത്ഥികള്‍ക്ക് മുന്നിലും പൊതുജനമധ്യത്തിലും വിദ്യാര്‍ത്ഥിയെ അപമാനിക്കുകയാണ് ടൊവിനോ ചെയ്തതെന്നും ഇതിനെതിരെ ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കുമെന്നും കെ.എസ്.യു അറിയിച്ചു.