കോടതിയിലെ മൊഴിമാറ്റം; സിദ്ദിഖിനും ഭാമയ്ക്കും എതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം

നടി ആക്രമിക്കപ്പെട്ട കേസില്‍ വിചാരണക്കിടെ കൂറുമാറിയ സിദ്ദിഖിനും ഭാമയ്ക്കും എതിരെ പ്രതിഷേധവുമായി സോഷ്യല്‍ മീഡിയ. ഇരുവരുടെയും ഫെയിസ്ബുക്ക് പേജുകളില്‍ നിരവധി പേരാണ് പ്രതിഷേധവുമായി എത്തിയിരിക്കുന്നത്. ഭാമയുടെ പേജില്‍ ശക്തമായ പ്രതിഷേധമാണ് നടക്കുന്നത്. ഇതിനുള്ള ശിക്ഷ കാലം തരാതിരിക്കട്ടെയെന്നും ചെയ്തത് മോശമായിപ്പോയി എന്നുമൊക്കെയാണ് കമന്റുകള്‍. സിദ്ദിഖിന്റെ പേജിലും പോസ്റ്റുകളുടെ കമന്റ് ബോക്സില്‍ നിരവധി പ്രതിഷേധ കമന്റുകളാണ് എത്തിയിരിക്കുന്നത്.
യൂദാസിന്റെ ചിത്രം പങ്കുവെച്ചു കൊണ്ട് എഴുത്തുകാരന് എന്‍.എസ്.മാധവനും ഭാമയെ വിമര്‍ശിച്ചിരുന്നു. ഈ പടത്തിന് ഭാമയുമായുള്ള സാദൃശ്യം യാദൃച്ഛികം മാത്രം എന്നായിരുന്നു എന്‍.എസ്.മാഴവന്‍ ട്വീറ്റ് ചെയ്തത്. രേവതിയായിരുന്നു ഭാമയ്ക്കെതിരെ ആദ്യമായി സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തിയത്. പിന്നീട് രമ്യ നമ്പീശന്, റീമ കല്ലിങ്കല്‍, ആഷിക് അബു തുടങ്ങിയവരും സോഷ്യല്‍ മീഡിയയില്‍ കുറിപ്പുകള്‍ പങ്കുവെച്ചിരുന്നു.
ഇന്നലെയാണ് നടിയെ ആക്രമിച്ച കേസിലെ പ്രോസിക്യൂഷന് സാക്ഷികളായിരുന്ന ഇരുവരും കോടതിയില്‍ മൊഴി മാറ്റിയത്. സിദ്ദിഖ് കൂറുമാറിയത് മനസിലാക്കാം, പക്ഷേ ഭാമയോ എന്നായിരുന്നു രേവതി ചോദിച്ചത്.