മഞ്ജു വാര്യരുടെ പരാതിയില്‍ അന്വേഷണം ആരംഭിച്ചു; ശ്രീകുമാര്‍ മേനോന് ഹാജരാകാന്‍ നിര്‍ദേശം

തൃശൂര്‍: മഞ്ജു വാര്യര്‍ നല്കിയ പരാതിയില്‍ സംവിധായകന് ശ്രീകുമാര്‍ മേനോന് ഹാജരാകണമെന്ന് ക്രൈംബ്രാഞ്ച്. മൊഴിയെടുക്കുന്നതിനായി മഞ്ജു വാര്യരോടും ഹാജരാകാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. മഞ്ജു വാര്യര്‍ ഡിജിപിയെ നേരില്‍ കണ്ട് നല്കിയ പരാതിയില്‍ ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘമാണ് അന്വേഷണം നടത്തുന്നത്. അസിസ്റ്റന്റ് കമ്മിഷണര്‍ സി.ഡി. ശ്രീനിവാസനാണ് ഇരുവരോടും ഹാജരാകാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
മഞ്ജു വാര്യര്‍ വെള്ളിയാഴ്ച ഹാജരാകുമെന്നാണ് വിവരം. ശ്രീകുമാര്‍ മേനോന് തന്നെ അപായപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്ന് കാട്ടിയാണ് മഞ്ജുവിന്റെ പരാതി. തനിക്ക് വധഭീഷണി ലഭിച്ചിട്ടുണ്ടെന്നും മഞ്ജു പരാതിയില്‍ പറഞ്ഞിട്ടുണ്ടെന്നാണ് സൂചന. പരാതിയുടെ അടിസ്ഥാനത്തില്‍ തൃശ്ശൂര്‍ ഈസ്റ്റ് പോലീസാണ് കേസെടുത്തിരിക്കുന്നത്. ജില്ലാ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി കേസ് അന്വേഷിക്കും.
ഒടിയന് എന്ന സിനിമയുടെ നിര്‍മാണം നടക്കുന്ന സമയം മുതല്‍ ശ്രീകുമാര്‍ മേനോന് തന്നോട് വ്യക്തി വൈരാഗ്യം ഉണ്ടെന്നും അതിന്റെ തുടര്‍ച്ചയായി തന്നെ സോഷ്യല്‍ മീഡിയയില്‍ അപകീര്‍ത്തിപ്പെടുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി നല്കിയ ലെറ്റര്‍ ഹെഡും മറ്റു രേഖകളും ദുരുപയോഗം ചെയ്യപ്പെട്ടേക്കാമെന്ന് ഭയപ്പെടുന്നതായും പരാതിയില്‍ പറയുന്നുണ്ട്.