നടിയെ ആക്രമിച്ച കേസിന്റെ വിചാരണയ്ക്ക് ഏര്‍പ്പെടുത്തിയ സ്റ്റേ നീട്ടി

കൊച്ചി: നടിയെ ആക്രമിച്ച കേസില് പ്രത്യേക കോടതിയില് നടക്കുന്ന വിചാരണയ്ക്ക് ഹൈക്കോടതി ഏര്പ്പെടുത്തിയ സ്റ്റേ നീട്ടി. 16-ാം തിയതി വരെയാണ് സ്റ്റേ നീട്ടിയിരിക്കുന്നത്. ഇന്ന് വരെയായിരുന്നു ഹൈക്കോടതി നേരത്തേ സ്‌റ്റേ നല്‍കിയിരുന്നത്. പ്രോസിക്യൂട്ടര്‍ ക്വാറന്റൈനില്‍ ആയതിനാലാണ് നടപടി.
വിചാരണക്കോടതിയില്‍ അവിശ്വാസം അറിയിച്ചു കൊണ്ട് ആക്രമിക്കപ്പെട്ട നടി നല്‍കിയ ഹര്‍ജിയിലാണ് വിചാരണ നിര്‍ത്തിവെക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടത്. കോടതി പക്ഷപാതപരമായാണ് പെരുമാറുന്നതെന്നും ഈ കോടതിയില്‍ നിന്ന് നീതി കിട്ടില്ലെന്നും നടി അറിയിച്ചു. പ്രതിഭാഗത്തിന്റെ ആവശ്യങ്ങള്‍ പരിഗണിച്ച കോടതി സാക്ഷികളില്‍ പലരെയും പ്രതിഭാഗം അപമാനിച്ചിട്ടും ഇടപെട്ടില്ലെന്നും നടി വ്യക്തമാക്കി.
മുഖ്യ സാക്ഷിയായ മഞ്ജു വാര്യര്‍ പറഞ്ഞ പല കാര്യങ്ങളും ഇരയായ താന്‍ നല്‍കിയ മൊഴിയില്‍ പലതും കോടതി രേഖപ്പെടുത്തിയില്ലെന്നും സര്‍ക്കാരും കോടതിയില്‍ വ്യക്തമാക്കിയിരുന്നു. ഹര്‍ജിയില്‍ കൂടുതല്‍ വാദം കേള്‍ക്കണമെന്ന് ഹൈക്കോടതി അറിയിച്ചിരുന്നു. അതുവരെ വിചാരണ നിര്‍ത്തിവെക്കാനാണ് നിര്‍ദേശം.