ബിനീഷ് കോടിയേരി വിഷയത്തില്‍ അമ്മ എടുത്തുചാടി തീരുമാനം എടുക്കേണ്ടെന്ന് സുരേഷ് ഗോപി

തിരുവനന്തപുരം: ബിനീഷ് കോടിയേരിയെ പുറത്താക്കുന്ന വിഷയത്തില്‍ താരസംഘടന അമ്മ എടുത്തുചാടി തീരുമാനം എടുക്കേണ്ടെന്ന് സുരേഷ് ഗോപി. ബിനീഷ് കുറ്റവാളിയാണോ എന്ന് തെളിഞ്ഞതിന് ശേഷം മാത്രം ഇക്കാര്യത്തില്‍ സംഘടന തീരുമാനം എടുത്താല്‍ മതി. അമ്മ രാഷ്ട്രീയ സംഘടനയല്ലെന്നും നിയമം തീരുമാനിക്കട്ടെ, അതിന് ശേഷം സംഘടന തീരുമാനിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു. എടുത്തുചാടിയെടുത്ത തീരുമാനങ്ങള്‍ പലതും പിന്നീട് തിരുത്തേണ്ടി വന്നുവെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.
വെള്ളിയാഴ്ച കൊച്ചിയില്‍ ചേര്‍ന്ന അമ്മ എക്സിക്യൂട്ടീവ് യോഗത്തില്‍ ബിനീഷ് കോടിയേരിയെ പുറത്താക്കണമെന്ന നിര്‍ദേശം ശക്തമായി ഉയര്‍ന്നിരുന്നു. കുറ്റാരോപിതനായ ദിലീപിനെ പുറത്താക്കിയ സംഘടന സമാന വിഷയത്തില്‍ വ്യത്യസ്ത നിലപാട് സ്വീകരിക്കുന്നത് ശരിയല്ലെന്നായിരുന്നു അംഗങ്ങളുടെ നിലപാട്. ബിനീഷിനെ പുറത്താക്കണമെന്ന നിലപാട് സിദ്ദിഖ് ആണ് എക്സിക്യൂട്ടീവില്‍ ശക്തമായി ഉന്നയിച്ചത്. എന്നാല്‍ ഇടത് എംഎല്‍എമാര്‍ കൂടിയായ മുകേഷും ഗണേഷ് കുമാറും ഇതിനെ എതിര്‍ത്തു.
പിന്നീട് ബിനീഷ് കോടിയേരിയോട് വിശദീകരണം ചോദിക്കാന്‍ എക്സിക്യൂട്ടീവ് യോഗം തീരുമാനിക്കുകയായിരുന്നു. നടി പാര്‍വതി തിരുവോത്തിന്റെ രാജിക്കത്ത് യോഗം അംഗീകരിക്കുകയും ചെയ്തു