സുരേഷ് ഗോപിയുടെ സന്ദർശനം വി.എസ് ടി.പിയുടെ വീട് സന്ദർശിച്ചതു പോലെ: സുകുമാരൻ നായർ
ചങ്ങനാശ്ശേരി: സുരേഷ് ഗോപിയുടെ സന്ദർശനം വി.എസ് ടിപിയുടെ വീട്ടിൽ സന്ദർശനം നടത്തിയതു പോലെയാണെന്ന് എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. നെയ്യാറ്റിൻകര ഉപതെരഞ്ഞെടുപ്പു ദിവസമാണ് വി.എസ് ടി.പി ചന്ദ്രശേഖരന്റെ വീട് സന്ദർശിച്ചത്. എൻ.എസ്.എസ് ബി.ജെ.പിക്ക് ഒപ്പമാണെന്ന് വരുത്താനുള്ള ശ്രമമാണ് ഇതിനു പിന്നിൽ. അങ്ങനെ ആരെയും ഷൈൻ ചെയ്യാൻ അനുവദിക്കില്ലെന്നും സുകുമാരൻ നായർ പറഞ്ഞു.
ബജറ്റ് സമ്മേളനം നടക്കുന്നതിനിടെയായിരുന്നു സുരേഷ് ഗോപി സുകുമാരൻ നായരെ സന്ദർശിക്കാനെത്തിയത്. ഈ അഹങ്കാരം എൻ.എസ്.എസിനോടു വേണ്ടെന്ന് സുകുമാരൻ നായർ പറഞ്ഞു. അനുമതിയില്ലാതെ ഷോ കാണിക്കാൻ ആരെയും അനുവദിക്കില്ലെന്നും സുകുമാരൻ നായർ വ്യക്തമാക്കി. മന്നം സമാധിയിൽ പുഷ്പാർച്ചന നടത്താൻ സുരേഷ് ഗോപിക്ക് അനുമതി നൽകിയിരുന്നു. തുടർന്ന് ബജറ്റ് സമ്മേളനം നടക്കുന്ന വേദിയിലേക്ക് കടന്നു ചെല്ലാൻ ശ്രമിച്ചപ്പോഴാണ് തടഞ്ഞതെന്നും സുകുമാരൻ നായർ പറഞ്ഞു.

