ദൃശ്യം-2 തെലുങ്കിലും എത്തുന്നു; റീമേക്ക് പ്രഖ്യാപിച്ച് ജീത്തു ജോസഫ്

ടിടി റിലീസില് തരംഗം തീര്ത്ത ദൃശ്യം-2 തെലുങ്കിലേക്ക് റീമേക്ക് ചെയ്യുന്നു.
 | 
ദൃശ്യം-2 തെലുങ്കിലും എത്തുന്നു; റീമേക്ക് പ്രഖ്യാപിച്ച് ജീത്തു ജോസഫ്

ഒടിടി റിലീസില്‍ തരംഗം തീര്‍ത്ത ദൃശ്യം-2 തെലുങ്കിലേക്ക് റീമേക്ക് ചെയ്യുന്നു. സംവിധായകന്‍ ജീത്തു ജോസഫ് തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ തന്നെയായിരിക്കും ചിത്രം നിര്‍മിക്കുക. ദൃശ്യത്തിന്റെ തെലുങ്കു പതിപ്പില്‍ നായകനായ വെങ്കിടേഷിനും നിര്‍മാതാവ് ആന്റണി പെരുമ്പാവൂരിനും ഒപ്പം നില്‍ക്കുന്ന ചിത്രവുമായാണ് ജീത്തു ജോസഫിന്റെ പോസ്റ്റ്. മാര്‍ച്ചില്‍ ചിത്രീകരണം ആരംഭിക്കും.

ദൃശ്യം-2 ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്തതിന് പിന്നാലെ തന്നെ റീമേക്ക് കരാറില്‍ ഒപ്പിട്ടുവെന്നാണ് റിപ്പോര്‍ട്ട്. ആശീര്‍വാദ് സിനിമാസ് നിര്‍മിക്കുന്ന ആദ്യ തെലുങ്ക് ചിത്രമായിരിക്കും ഇത്. ദൃശ്യത്തിന്റെ തെലുങ്ക് പതിപ്പില്‍ ജോര്‍ജുകുട്ടി എന്ന കഥാപാത്രം രാംബാബു ആയി മാറിയിരുന്നു. വെങ്കിടേഷ് ആയിരുന്നു രാംബാബുവിനെ അവതരിപ്പിച്ചത്.

മലയാളത്തില്‍ റാണിയായി എത്തിയ മീന തെലുങ്കില്‍ ജ്യോതിയായി മാറി. ഇവരുടെ ഇളയ മകളായി എസ്തര്‍ അനില്‍ തന്നെയാണ് വേഷമിട്ടത്. നദിയ മൊയ്തു ഐജി ഗീത പ്രഭാകറിനെ അവതരിപ്പിച്ചു. മറ്റെല്ലാ ഭാഷകളിലെയും പോലെ തെലുങ്ക് ദൃശ്യവും സൂപ്പര്‍ ഹിറ്റായിരുന്നു.