ദിലീപിന്റെ നേതൃത്വത്തിലുള്ള തീയേറ്റര്‍ സംഘടനയ്ക്ക് പേരിട്ടു

കൊച്ചി: ചലച്ചിത്രതാരം ദിലീപിന്റെ നേതൃത്വത്തിലുള്ള തീയേറ്റര് ഉടമകളുടെ സംഘടനയ്ക്ക് പേരിട്ടു. ഫിലിം എക്സിബിറ്റേഴ്സ് യുണൈറ്റഡ് ഓര്ഗനൈസേഷന് ഓഫ് കേരള (FEUOK) എന്നാണ് പുതിയ സംഘടനയുടെ പേര്. ദിലീപ് ആണ് സംഘടനയുടെ ചെയര്മാന്. നിര്മാതാവും ആശീര്വാദ് സിനിമാസ് തീയേറ്ററുകളുടെ ഉടമയുമായ ആന്റണി പെരുമ്പാവൂര് ആണ് വൈസ്ചെയര്മാന്. നിര്മാതാക്കളും വിതരണക്കാരും ഈ സംഘടനയില് അംഗങ്ങളാണ്.
സംഘടന മലയാളം സിനിമയുടെ നന്മയ്ക്കായി പ്രവര്ത്തിക്കുമെന്ന് ഭാരവാഹികള് അറിയിച്ചു. നിര്‍മാതാക്കളും വിതരണക്കാരും തീയേറ്റര്‍ ഉടമകളും സിനിമയുടെ ഭാഗമാണെന്നിരിക്കേ ഇത്തരമൊരു സംഘടനയ്ക്ക് പ്രാധാന്യമുണ്ടെന്ന് ദിലീപ് വ്യക്തമാക്കി. നല്ല ലക്ഷ്യത്തോടെയാണ് ഈ സംഘടന തുടങ്ങുന്നതെന്നും ദിലീപ് പറഞ്ഞു.
തീയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിലിം എക്‌സിബിറ്റേഴ്‌സ് അസോസിയേഷന്‍ നടത്തിയ സമരം മൂലം ക്രിസ്തുമസ് കാലത്ത് മലയാളം സിനിമകള്‍ റിലീസ് ചെയ്യാന്‍ സാധിച്ചിരുന്നില്ല. വരുമാനം 50-50 അനുപാതത്തില്‍ പങ്കിടുന്നതു സംബന്ധിച്ചുള്ള തര്‍ക്കത്തില്‍ കടുംപിടിത്തം ഉപേക്ഷിക്കാന്‍ സംഘടന തയ്യാറാകാതിരുന്നതാണ് സമരത്തിന് കാരണം. മന്ത്രി എ.കെ.ബാലന്റെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് ലിബര്‍ട്ടി ബഷീറിന്റെ നേതൃത്വത്തിലുള്ള സംഘടന സമരം പ്രഖ്യാപിച്ചത്.
പ്രതിസന്ധി പരിഹരിക്കാന്‍ കടുംപിടിത്തം തടസമായപ്പോള്‍ സംഘടനയ്ക്കുള്ളില്‍ത്തന്നെ എതിര്‍പ്പുകള്‍ ഉയര്‍ന്നു തുടങ്ങി. അസോസിയേഷനില്‍ അംഗമല്ലാത്ത തീയേറ്ററുകളില്‍ ക്രിസ്തുമസ് ചിത്രങ്ങള്‍ റിലീസ് ചെയ്യാനുള്ള ശ്രമങ്ങളും നിര്‍മാതാക്കള്‍ ആരംഭിച്ചിരുന്നു. ഇതിനൊപ്പമാണ് തീയേറ്റര്‍ ഉടമകളുടെ പുതിയ സംഘടനയ്ക്ക് ദിലീപിന്റെ നേതൃത്വത്തില്‍ ശ്രമം തുടങ്ങിയത്. സര്‍ക്കാര്‍ ഇടപെടല്‍ രണ്ടാമതും ഉണ്ടാവുകയും ഫിലിം എക്‌സിബിറ്റേഴ്‌സ് അസോസിയേഷനില്‍ അതൃപ്തി ഉയരുകയും ചെയ്ത സാഹചര്യത്തിലാണ് സംഘടന സമരം പിന്‍വലിച്ചത്.

