കാലടിയില്‍ സിനിമ സെറ്റ് തകര്‍ത്ത കേസില്‍ 3 പേര് കൂടി പിടിയില്‍

കൊച്ചി: മിന്നല്‍ മുരളിയുടെ സെറ്റ് തകര്‍ത്ത കേസില്‍ മൂന്ന് പേര് കൂടി പിടിയിലായി. രാഷ്ട്രീയബജ്രംഗ്ദള് എന്ന സംഘടനയുടെ പ്രവര്‍ത്തകരായ കെ.ആര്. രാഹുല്‍, എന്‍.എം. ഗോകുല്‍, സന്ദീപ് കുമാര്‍ എന്നിവരാണ് പിടിയിലായത്. പെരുമ്പാവൂരിലും സമീപ പ്രദേശങ്ങളിലും താമസിക്കുന്ന ഇവരെ പെരുമ്പാവൂര്‍ പോലീസ് ആണ് അറസ്റ്റ് ചെയ്തത്.
കേസിലെ മുഖ്യപ്രതി കാരി രതീഷ് ഉള്‍പ്പെടെ രണ്ട് പേര് തിങ്കളാഴ്ച തന്നെ അറസ്റ്റിലായിരുന്നു. കൂടുതല്‍ പേര് അറസ്റ്റിലാകുമെന്നാണ് പോലീസ് നല്കുന്ന സൂചന. കാലടി മണപ്പുറത്തെ സിനിമാ സെറ്റ് തകര്‍ത്തത് ഗുണ്ടാപ്പിരിവ് തരാത്തതിനാലാണെന്ന് പിടിയിലായ കാരി രതീഷ് പോലീസിനോട് പറഞ്ഞിരുന്നു. മതം പറഞ്ഞത് ജനപിന്തുണ ലഭിക്കുന്നതിനാണെന്നാണ് ഇയാള്‍ പറഞ്ഞത്.
കണ്ടാലറിയാവുന്ന 4 പേര്‍ക്കെതിരെയായിരുന്നു ആദ്യം കേസെടുത്തിരുന്നത്. 11 പേരെക്കൂട് തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. മത സ്പര്‍ദ്ധ വളര്‍ത്താനുള്ള ബോധപൂര്‍വമായ ശ്രമം, കലാപശ്രമം, ആസൂത്രിതമായി സംഘം ചേരല്‍, മോഷണം തുടങ്ങിയ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ആക്രമണത്തില്‍ പങ്കെടുത്തവരും ഇതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് വര്‍ഗ്ഗീയ പ്രചാരണം നടത്തിയവരും പ്രതികളാകും.