നടിയെ ആക്രമിച്ച കേസില്‍ വിചാരണ നാളെ ആരംഭിക്കും; തടസമില്ലെന്ന് ഹൈക്കോടതി

കൊച്ചി: നടി ആക്രമണത്തിന് ഇരയായ കേസില് വിചാരണ നാളെ ആരംഭിക്കും. നടപടികള്‍ക്ക് തടസമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. കേസില്‍ കുറ്റം ചുമത്തിയത് നിയമപരമല്ലെന്ന് കാട്ടി ദിലീപ് നല്‍കിയ ഹര്‍ജി വിധി പറയാന്‍ മാറ്റിക്കൊണ്ടാണ് ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്. കേസിലെ ഒന്നാം സാക്ഷിയെയാണ് വ്യാഴാഴ്ച ആദ്യം വിസ്തരിക്കുക.
വിചാരണ നടപടികള്‍ക്ക് ദിലീപ് സ്റ്റേ ആവശ്യപ്പെട്ടിട്ടില്ല. മറ്റു പ്രതികള്‍ ദിലീപിനെ വിളിച്ച് ഭീഷണിപ്പെടുത്തിയന്നെ കേസും ദിലീപ് പ്രതിയായ കേസും വ്യത്യസ്തമായി പരിഗണിക്കണമെന്നാണ് ദിലീപിന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടത്. ഇക്കാര്യമാണ് കോടതി വിധി പറയാന്‍ മാറ്റിയത്. അതേസമയം ദിലീപിനെ ഭീഷണിപ്പെടുത്തിയെന്ന കേസില്ലെന്നും കുറ്റം നിലനില്‍ക്കില്ലെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു.
വിചാരണക്കോടതി കുറ്റം ചുമത്തിയപ്പോള്‍ സംഭവിച്ച പിഴവാണ് ഇതെന്നും കുറ്റപത്രത്തില്‍ ഇക്കാര്യം സൂചിപ്പിച്ചിട്ടില്ലെന്നും വിശദീകരിച്ച പ്രോസിക്യൂഷന്‍ ദിലീപിനെ ഭീഷണിപ്പെടുത്തിയെന്ന ഭാഗം മാറ്റാന്‍ മാറ്റാന്‍ തയ്യാറാണെന്നും വ്യാഴാഴ്ച ഇതിനായി പ്രത്യേക അപേക്ഷ നല്‍കുമെന്നും അറിയിച്ചു. കേസില്‍ എട്ടാം പ്രതിയാണ് ദിലീപ്, ഗൂഢാലോചന അടക്കമുള്ള കുറ്റങ്ങളാണ് ദിലീപിനെതിരേ പോലീസ് ചുമത്തിയിട്ടുള്ളത്.