നടിയെ ആക്രമിച്ച കേസില് വിചാരണ ആരംഭിച്ചു; ആദ്യം നടിയെ വിസ്തരിക്കും
കൊച്ചി: നടിയെ ആക്രമിച്ച കേസില് വിചാരണ ആരംഭിച്ചു. ആക്രമണത്തിന് ഇരയായ നടിയെയാണ് ആദ്യം വിസ്തരിക്കുന്നത്. ദിലീപ് ഉള്‍പ്പെടെ കേസിലെ എല്ലാ പ്രതികളും കോടതിയില്‍ എത്തിയിട്ടുണ്ട്. ആക്രമണം നടന്ന രണ്ട് വര്‍ഷവും 11 മാസവും പിന്നിട്ട ശേഷമാണ് വിചാരണ തുടങ്ങാന്‍ കഴിഞ്ഞത്. രഹസ്യ വിചാരണയാണ് നടക്കുന്നത്. കോടതിയില്‍ എത്തിയ നടിയുടെയോ വാഹനത്തിന്റെയോ ദൃശ്യങ്ങളും ചിത്രങ്ങളും എടുക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.
നടിയുടെ വിസ്താരം നാല് ദിവസത്തോളം നീളുമെന്നാണ് കരുതുന്നത്. അടച്ചിട്ട മുറിയില്‍ നടക്കുന്ന വിചാരണയുടെ നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് മാധ്യമങ്ങള്‍ക്കും വിലക്കുണ്ട്. സാക്ഷികളായി 135 പേരെ വിസ്തരിക്കുമെന്നാണ് വിവരം. പ്രമുഖ നടന്‍മാരും നടിമാരും ഉള്‍പ്പെടെയുള്ളവരെ വിസ്തരിക്കും. കോടതിയിലേക്ക് കേസുമായി ബന്ധപ്പെട്ട അഭിഭാഷകര്‍ക്ക് മാത്രമേ പ്രവേശനമുള്ളു.
കേസിലെ എട്ടാം പ്രതിയാണ് ദിലീപ്. ഗൂഢാലോചനാക്കുറ്റമാണ് ദിലീപിന് എതിരെ ചുമത്തപ്പെട്ടിരിക്കുന്നതെങ്കിലും മറ്റ് പ്രതികള്‍ ചെയ്ത കുറ്റങ്ങളും ദിലീപിന് മേല്‍ ആരോപിക്കപ്പെടും. കേസില്‍ ഒരു പോലീസ് ഉദ്യോഗസ്ഥനടക്കം രണ്ട് മാപ്പുസാക്ഷികളും സിനിമാ പ്രവര്‍ത്തകരുടേത് അടക്കം 32 രഹസ്യമൊഴികളും ഉണ്ട്.

