നടിയെ ആക്രമിച്ച കേസ്; പുതിയ പ്രോസിക്യൂട്ടറെ നിയമിക്കുന്നത് സംബന്ധിച്ച് തീരുമാനം അറിയിക്കണമെന്ന് വിചാരണക്കോടതി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പുതിയ പ്രോസിക്യൂട്ടറെ നിയമിക്കുന്നത് സംബന്ധിച്ച് തീരുമാനം അറിയിക്കണമെന്ന് വിചാരണക്കോടതി. ഹൈക്കോടതി നിര്‍ദേശം അനുസരിച്ച് കേസ് വീണ്ടും പരിഗണിച്ചപ്പോഴാണ് കോടതി ഇക്കാര്യം ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്സിനോട് ആവശ്യപ്പെട്ടത്. കേസിലെ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ എ.സുരേശന് കഴിഞ്ഞ ദിവസം രാജിവെച്ചിരുന്നു. വിചാരക്കോടതി ജഡ്ജിയെ മാറണമെന്ന പ്രോസിക്യൂഷന് ആവശ്യം ഹൈക്കോടതി തള്ളിയതിനെ തുടര്‍ന്നാണ് സുരേശന് രാജി നല്‍കിയത്. കേസ് അടുത്ത മാസം രണ്ടാം തിയതിയാണ് കോടതി വീണ്ടും പരിഗണിക്കുന്നത്. കേസിലെ അന്വേഷണ ഉദ്യോഗസ്ഥനോട് ഇന്ന് ഹാജരാകാന്‍ കോടതി നിര്‍ദേശിച്ചിരുന്നു.
ജഡ്ജിയെ മാറ്റണമെന്ന പ്രോസിക്യൂഷന്റെയും നടിയുടെയും ആവശ്യം കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഹൈക്കോടതി തള്ളിയത്. ജഡ്ജിയും പ്രോസിക്യൂഷനും ഒരുമിച്ച് പോയാല്‍ മാത്രമേ നീതി നടപ്പാവുകയുള്ളുവെന്നും കേസ് മാറ്റാനുള്ള കാരണങ്ങള്‍ വ്യക്തമായി ബോധിപ്പിക്കാന്‍ നടിക്കോ സര്‍ക്കാരിനോ കഴിഞ്ഞില്ലെന്നും സിംഗിള്‍ ബെഞ്ച് വ്യക്തമാക്കി. വിചാരണ ഉടന്‍ തുടങ്ങണമെന്നും ഹൈക്കോടതി പറഞ്ഞിരുന്നു.
ഡിവിഷന് ബെഞ്ചിനെ സമീപിക്കുന്നതിനായി വിധിയില്‍ സ്റ്റേ വേണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടെങ്കിലും അത് അനുവദിക്കാന്‍ കോടതി തയ്യാറായില്ല. വിചാരണക്കോടതിക്ക് എതിരെ പ്രോസിക്യൂഷനാണ് ആദ്യം രംഗത്തെത്തിയത്. പിന്നീട് നടി ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.