ഭാര്യയുടെ ആത്മഹത്യ; ഉണ്ണി രാജന് പി. ദേവ് റിമാന്‍ഡില്‍

തിരുവനന്തപുരം: ഭാര്യ പ്രിയങ്ക ആത്മഹത്യ ചെയ്ത കേസില്‍ നടന് രാജന് പി. ദേവിന്റെ മകന് ഉണ്ണി രാജന് പി. ദേവ് റിമാന്‍ഡില്‍. 14 ദിവസത്തേക്കാണ് റിമാന്‍ഡ്. സ്ത്രീധനപീഡനം ആത്മഹത്യാ പ്രേരണ എന്നീ കുറ്റങ്ങളാണ് ഉണ്ണിക്കെതിരെ ചുമത്തിയിരിക്കുന്നത്. രാജന് പി.ദേവിന്റെ ഭാര്യയും ഉണ്ണിയുടെ അമ്മയുമായ ശാന്തമ്മയും കേസില്‍ പ്രതിയാണ്. കോവിഡ് ബാധിതയായ ഇവരെ അറസ്റ്റ് ചെയ്തിട്ടില്ല. ഉണ്ണി കുറ്റം സമ്മതിച്ചുവെന്നാണ് വിവരം.
കോവിഡ് ബാധിതനായിരുന്നതിനാലാണ് ഉണ്ണിയുടെ അറസ്റ്റ് വൈകിയത്. കോവിഡ് പരിശോധനയ്ക്ക് ശേഷം നെടുമങ്ങാട് ഡിവൈ.എസ്.പി. ജെ.ഉമേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കഴിഞ്ഞദിവസം ഉണ്ണിയെ അങ്കമാലിയില്‍നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. ആത്മഹത്യ ചെയ്യുന്നതിന് തൊട്ടുമുന്‍പ് പ്രിയങ്കയുടെ ഫോണിലേക്ക് വന്ന കോള്‍ ഉണ്ണിയുടേതാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. നിന്നെ എനിക്ക് ഇനി വേണ്ടെന്നും ഭാര്യയായി ഉള്‍ക്കൊള്ളാനാകില്ലെന്നുമാണ് ഉണ്ണി പ്രിയങ്കയോട് പറഞ്ഞത്. ഇതിനു പിന്നാലെ പ്രിയങ്ക ജീവനൊടുക്കുകയായിരുന്നു.
മെയ് 12-ാം തിയതിയാണ് പ്രിയങ്ക (25) ആത്മഹത്യ ചെയ്തത്. മരിക്കുന്നതിന് തലേന്ന് ഉണ്ണിക്കെതിരെ പ്രിയങ്ക വട്ടപ്പാറ പോലീസില്‍ പരാതി നല്‍കിയിരുന്നു. പത്താം തിയതി പ്രിയങ്കയെ ഉണ്ണി മര്‍ദ്ദിക്കുകയും വീട്ടില്‍ നിന്ന് ഇറക്കിവിടുകയും ചെയ്തു. പിന്നീട് സഹോദരന് അങ്കമാലിയില്‍ എത്തി പ്രിയങ്കയെ കൂട്ടിക്കൊണ്ടു പോകുകയായിരുന്നു. തിരുവനന്തപുരത്തെ സ്വന്തം വീട്ടില്‍ വെച്ചാണ് പ്രിയങ്ക ആത്മഹത്യ ചെയ്തത്.