സംഘപരിവാര്‍ വംശീയാക്രമണത്തിന് മറുപടിയായി അയ്യന്റെയും കാളിയുടെയും ചിത്രം പോസ്റ്റ് ചെയ്ത് വിനായകന്‍; അഭിമുഖത്തിലെ അയ്യന്‍കാളി പരാമര്‍ശം ഓര്‍ത്തെടുത്ത് സോഷ്യല്‍ മീഡിയ
കൊച്ചി: അഭിമുഖത്തിലെ പരാമര്‍ശത്തിന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ വംശീയാതിക്രമം നടത്തിയ സംഘപരിവാറിന് ചിത്രങ്ങളിലൂടെ മറുപടി നല്‍കി നടന്‍ വിനായകന്‍. അയ്യപ്പന്റെയും ഭദ്രകാളിയുടെയും ചിത്രങ്ങളാണ് അധിക്ഷേപങ്ങള്‍ക്ക് മറുപടിയായി വിനായകന്‍ തന്റെ പേജില്‍ പോസ്റ്റ് ചെയ്തത്. അയ്യനും കാളിയും ചേര്ന്ന കോമ്പിനേഷന് മുമ്പ് നടത്തിയ അഭിമുഖത്തില് വിനായകന് നടത്തിയ അയ്യന്‍കാളി പരാമര്‍ശവുമായി ബന്ധപ്പെടുത്തി ഓര്ത്തെടുക്കുകയാണ് സോഷ്യല് മീഡിയ.
താന്‍ അയ്യന്‍കാളി ചിന്താഗതിയുള്ള ആളാണെന്നും പറ്റുമെങ്കില്‍ ഫെറാറി കാറില്‍ സ്വര്‍ണ്ണ കിരീടം വെച്ചു വരുമെന്നും നേരത്തേ ഏഷ്യാനെറ്റിന് നല്‍കിയ അഭിമുഖത്തില്‍ വിനായകന്‍ പറഞ്ഞിരുന്നു. ഈ വാക്കുകളാണ് സോഷ്യല്‍ മീഡിയ വീണ്ടും ഷെയര്‍ ചെയ്യുന്നത്. ‘ബിജെപിക്കും ആര്‍എസ്എസ്സിനും കേരളത്തില്‍ ഒന്നും ചെയ്യാന്‍ കഴിയില്ല. നമ്മളൊക്കെ മിടുക്കരാണ്. അതാണ് ഈ തെരഞ്ഞെടുപ്പിലും നമ്മള്‍ കണ്ടത്. കേരളത്തില്‍ ഇടതുപക്ഷത്തിനുണ്ടായ തോല്‍വി തന്നെ ഞെട്ടിച്ചിരുന്നു’, ഇതായിരുന്നു മീഡിയവണ്‍ കഴിഞ്ഞ ദിവസം നടത്തിയ അഭിമുഖത്തില് വിനായകന്‍ പറഞ്ഞത്.
ഇത് നരേന്ദ്ര മോദിക്കും ബി.ജെ.പിക്കുമെതിരെ പ്രസ്താവനയാണെന്നും വിനായകന്‍ രാജ്യദ്രോഹിയാണെന്നും പ്രചരിപ്പിച്ചുകൊണ്ടാണ് വിനായകനെതിരെ സംഘടിതമായ സൈബര്‍ ആക്രമണം നടന്നത്. വംശീയമായ അധിക്ഷേപങ്ങളായിരുന്നു ഇവയില്‍ ഏറിയ പങ്കും. അദ്ദേഹത്തിന്റെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങളുടെ റിലീസ് തടയുമെന്നും ചിലര്‍ ഭീഷണി മുഴക്കിയിരുന്നു.
