കണ്ടെയ്ന്‍മെന്റ് സോണിലെ യോഗം; അമ്മ യോഗത്തിനെതിരെ പ്രതിഷേധ പ്രകടനം

കൊച്ചി: സിനിമാ സംഘടന കണ്ടെയ്ന്മെന്റ് സോണില് നടത്തിയ യോഗത്തിനെതിരെ പ്രതിഷേധം. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് അമ്മ എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗം നടന്ന ഹോളിഡേ ഇന്‍ ഹോട്ടലിലേക്ക് പ്രതിഷേധ പ്രകടനം നടത്തിയത്. കണ്ടെയ്ന്‍മെന്റ് സോണില് നടത്തിയ യോഗം ജില്ലാ ഭരണകൂടം ഇടപെട്ട് നിര്‍ത്തിവെച്ചിരുന്നു. താരങ്ങളുടെ പ്രതിഫലം കുറയ്ക്കുന്നത് സംബന്ധിച്ചായിരുന്നു യോഗം.
പ്രതിഷേധത്തെ തുടര്‍ന്ന് പോലീസ് എത്തി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഹോട്ടല്‍ അധികൃതരും അമ്മ പ്രതിനിധികളുമായി ചര്‍ച്ച നടത്തി. ഇതിന് ശേഷമാണ് യോഗം നിര്‍ത്തിയത്. ചക്കരപ്പറമ്പില്‍ ഹൈവേ അരികിലുള്ള ഹോട്ടലില്‍ രാവിലെയാണ് അമ്മ എക്‌സിക്യൂട്ടീവ് യോഗം ചേര്‍ന്നത്.
ഇന്നലെ വൈകിട്ടാണ് ഈ പ്രദേശം കണ്ടെയ്ന്‍മെന്റ് സോണ്‍ ആയി പ്രഖ്യാപിച്ചത്. ഹൈവേയോട് ചേര്‍ന്നുള്ള പ്രദേശം കണ്ടെയ്ന്‍മെന്റ് സോണില്‍ ഉള്‍പ്പെടില്ലെന്ന് അറിയിച്ചതിനാലാണ് യോഗം ചേരാന്‍ തീരുമാനിച്ചതെന്ന് അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു പറഞ്ഞു.