ഡബ്ബിംഗ് ആര്‍ട്ടിസ്റ്റും നടിയുമായ ആനന്ദവല്ലി അന്തരിച്ചു
തിരുവനന്തപുരം: നടിയും ഡബ്ബിംഗ് കലാകാരിയുമായ ആനന്ദവല്ലി അന്തരിച്ചു. 62 വയസായിരുന്നു. തിരുവനന്തപുരത്ത് സ്വകാര്യാശുപത്രിയിലായിരുന്നു അന്ത്യം. 1973ല്‍ ദേവി കന്യാകുമാരി എന്ന ചിത്രത്തിലൂടെയാണ് ആനന്ദവല്ലി സിനിമാ രംഗത്തെത്തിയത്. 250 ഓളം ചിത്രങ്ങളില്‍ ശബ്ദം നല്‍കിയ അവര്‍ മുപ്പതോളം സിനിമകളില്‍ അഭിനയിച്ചു.
1980കളില്‍ മലയാള സിനിമയിലെ നായികമാരുടെ ശബ്ദമായി ആനന്ദവല്ലി നിറഞ്ഞു നിന്നു. മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന ചിത്രത്തില്‍ പൂര്‍ണ്ണിമ ജയറാമിന് ശബ്ദം നല്‍കിയത് ശ്രദ്ധിക്കപ്പെട്ടു. പിന്നീട് ഗീത, മാധവി, മേനക, സുഹാസിനി, ശാന്തി കൃഷ്ണ തുടങ്ങി മീര ജാസ്മിന്‍ വരെയുള്ളവര്‍ക്ക് ശബ്ദം നല്‍കി. 1992ല്‍ ആധാരം എന്ന ചിത്രത്തില്‍ ഗീതയ്ക്ക് നല്കിയ ശബ്ദത്തിന് സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ലഭിച്ചു.
ഏകദേശം 250ഓളം ചിത്രങ്ങള്‍ക്ക് ശബ്ദം നല്‍കിയിട്ടുള്ള ആനന്ദവല്ലിക്ക് മറ്റു നിരവധി പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്. അന്തരിച്ച സംവിധായകന്‍ ദീപന്‍ മകനാണ്.

