മമ്മൂട്ടി സുബ്രന്‍ അന്തരിച്ചു; ആരാധകന്റെ മരണത്തില്‍ ആദരാഞ്ജലികളുമായി മമ്മൂട്ടി

 | 
Mammootty Subran
മമ്മൂട്ടിയുടെ ചിത്രം ആല്‍ത്തറയില്‍ വെച്ച് ആരാധിക്കുകയും താരത്തിന്റെ ചിത്രം നിര്‍മിക്കാന്‍ ലക്ഷങ്ങളുടെ ലോട്ടറിയെടുക്കുകയും ചെയ്ത ആരാധകന്‍ സുബ്രന്‍ അന്തരിച്ചു

മമ്മൂട്ടിയുടെ ചിത്രം ആല്‍ത്തറയില്‍ വെച്ച് ആരാധിക്കുകയും താരത്തിന്റെ ചിത്രം നിര്‍മിക്കാന്‍ ലക്ഷങ്ങളുടെ ലോട്ടറിയെടുക്കുകയും ചെയ്ത ആരാധകന്‍ സുബ്രന്‍ അന്തരിച്ചു. മമ്മൂട്ടി സുബ്രന്‍ എന്ന് അറിയപ്പെട്ടിരുന്ന തൃശൂര്‍ പൂങ്കുന്നം സ്വദേശിയായ സുബ്രന്‍ അന്തരിച്ച വിവരം മമ്മൂട്ടി തന്റെ ഫെയിസ്ബുക്ക് പേജിലൂടെയാണ് അറിയിച്ചത്. 

മമ്മൂട്ടിയോടുള്ള ആരാധന മൂലം പൂങ്കുന്നം ശങ്കരന്‍കുളങ്ങര അമ്പലം ജംഗ്ഷനിലെ ആല്‍ത്തറയില്‍ മറ്റു ദൈവങ്ങള്‍ക്കൊപ്പം മമ്മൂട്ടിയുടെ ചിത്രം വെച്ച് ആരാധിച്ചിരുന്ന സുബ്രന്‍ മുന്‍പ് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ചുമട്ടു തൊഴിലാളിയായിരുന്ന സുബ്രന്‍ മമ്മൂട്ടിയെ നായകനാക്കി സിനിമ നിര്‍മിക്കുന്നതിനായി 16 ലക്ഷം രൂപയുടെ ലോട്ടറി എടുത്തിട്ടുണ്ട്. 

മമ്മൂട്ടിയോടുള്ള ഇഷ്‍ടത്താല്‍ 'ഒരു വടക്കന്‍ വീരഗാഥ' നൂറോളം തവണ കണ്ടയാളായിരുന്നു സുബ്രന്‍. മമ്മൂട്ടിയുടെ മറ്റു പ്രിയ ചിത്രങ്ങളായ അമരവും മൃഗയയുമൊക്കെ എത്ര തവണയാണ് കണ്ടതെന്ന് ഓര്‍മ്മയില്ലെന്നും അദ്ദേഹം പറയുമായിരുന്നു. മമ്മൂട്ടിയെ കാണാനായി അദ്ദേഹം അഭിനയിക്കുന്ന സിനിമകളുടെ ലൊക്കേഷനുകളിലും വീട്ടിലും സ്ഥിരമായി പോകുമായിരുന്നു. 

ശനിയാഴ്ച ശ്വാസതടസം അനുഭവപ്പെട്ടതോടെ നാട്ടുകാരാണ് സുബ്രനെ തൃശൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചത്. കുറച്ചു സമയത്തിനകം സുബ്രന്‍ മരിച്ചതായി പ്രദേശത്തെ കൗണ്‍സിലറായ ആതിര ഫെയിസ്ബുക്കില്‍ കുറിച്ചു. പക്ഷേ മമ്മൂട്ടി തന്റെ ഫോണില്‍ വിളിച്ച് സുബ്രന്റെ മരണവിവരം അന്വേഷിച്ചപ്പോഴാണ് തനിക്ക് അവര്‍ തമ്മിലുള്ള ബന്ധം മനസിലായതെന്നും ആതിര കുറിക്കുന്നു.