ഗാർഹിക പീഡനമല്ല; പിരിയാൻ കാരണം വ്യക്തിപരമെന്ന് മേതിൽ ദേവിക

നടനും എംഎൽഎയുമായ മുകേഷുമായി പിരിയാൻ കാരണം ഗാർഹിക പീഡനമല്ലെന്ന് മേതിൽ ദേവിക. തീർത്തും വ്യക്തിപരമായ കാരണങ്ങളാണ് ഇതിനു പിന്നിൽ. മറിച്ചുള്ള പ്രചാരണങ്ങൾ തെറ്റാണെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു. ഇക്കാര്യം രാഷ്ട്രീയ വിവാദമാക്കാനില്ല. മുകേഷിന്റെ നിലപാട് വ്യക്തമല്ല. താനാണ് വിവാഹമോചന ഹര്‍ജി നല്‍കിയിരിക്കുന്നതെന്നും അവര്‍ പറഞ്ഞു.
മുകേഷിന്റെ രാഷ്ട്രീയ പശ്ചാത്തലം മുന്‍നിര്‍ത്തിയാണ് ഇപ്പോള്‍ ഇക്കാര്യങ്ങള്‍ വിശദീകരിക്കാന്‍ നിര്‍ബന്ധിതയായത്. അദ്ദേഹത്തിനു മേല്‍ ചെളിവാരിയെറിയാന്‍ താല്‍പര്യമില്ല. നടന്‍ എന്ന നിലയിലും രാഷ്ട്രീയ പ്രവര്‍ത്തകന്‍ എന്ന നിലയിലുമുള്ള മുകേഷിന്റെ നിലയുമായി ഇത്തരം വ്യക്തിപരമായ കാര്യങ്ങള്‍ കൂട്ടിക്കുഴയ്ക്കാന്‍ പാടില്ല. മുകേഷുമായി ദേഷ്യത്തോടെ പിരിയേണ്ട കാര്യമുണ്ടെന്ന് കരുതുന്നില്ലെന്നും അവര്‍ പറഞ്ഞു.
വിവാഹ മോചന ഹര്‍ജി നല്‍കുന്നതിന് തിരഞ്ഞെടുപ്പ് കഴിയാന്‍ കാത്തിരിക്കുകയായിരുന്നു. ഗാര്‍ഹികപീഢനവുമായി ബന്ധപ്പെട്ട് മുകേഷിനെതിരെ നടപടിയെടുക്കണമെന്ന ആവശ്യങ്ങള്‍ സംബന്ധിച്ച് പ്രതികരിക്കാനില്ലെന്നും മേതില്‍ ദേവിക പറഞ്ഞു. രാഷ്ട്രീയ പ്രതികരണങ്ങളോട് പ്രതികരിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും അവര്‍ വ്യക്തമാക്കി.