മോഹന്‍ലാലും ഷാജി കൈലാസും വീണ്ടും ഒന്നിക്കുന്നു; പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം നടത്തി മോഹന്‍ലാല്‍

റെഡ് ചില്ലീസ് എന്ന ചിത്രത്തിന് ശേഷം ഷാജി കൈലാസും മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്നു. മോഹന്‍ലാല്‍ തന്റെ ഫെയിസ്ബുക്ക് പേജിലാണ് പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം നടത്തിയത്. 12 വര്‍ഷത്തിന് ശേഷമാണ് ഇരുവരും ഒന്നിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് ഒക്ടോബറില്‍ ആരംഭിക്കുമെന്ന് മോഹന്‍ലാല്‍ കുറിച്ചു.
ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന ചിത്രത്തിന് രാജേഷ് ജയറാം ആണ് തിരക്കഥയൊരുക്കുന്നത്. ആറാം തമ്പുരാന്‍, നരസിംഹം തുടങ്ങി മോഹന്‍ലാലിന്റെ തകര്‍പ്പന്‍ ഹിറ്റുകള്‍ ഒരുക്കിയ ഷാജി കൈലാസുമായി വീണ്ടും കൈകോര്‍ക്കുമ്പോള്‍ കാത്തിരിപ്പിന് ഫലമുണ്ടാകുമെന്നാണ് മോഹന്‍ലാല്‍ കുറിക്കുന്നത്.
പൃഥ്വിരാജ് നായകനാകുന്ന കടുവയാണ് ഷാജി കൈലാസിന്റെ പുറത്തിറങ്ങാനുള്ള ചിത്രം. 2013ല്‍ പുറത്തിറങ്ങിയ ജിഞ്ചര്‍ ആണ് ഇതിന് മുന്‍പ് മലയാളത്തില്‍ റിലീസ് ചെയ്ത ഷാജി കൈലാസ് ചിത്രം. പിന്നീട് 2015ലും 2017ലും രണ്ട് തമിഴ് ചിത്രങ്ങള്‍ അദ്ദേഹം സംവിധാനം ചെയ്തിരുന്നു.