പ്രശസ്ത സംവിധായകൻ കെ ജി ജോർജ് അന്തരിച്ചു

 | 
k j george

പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ കെ ജി ജോര്‍ജ് (77) അന്തരിച്ചു. കൊച്ചിയിലെ കാക്കനാട്ടെ വയോജന കേന്ദ്രത്തിലായിരുന്നു അന്ത്യം. അസുഖത്തെത്തുടർന്ന് ദീർഘകാലമായി ചികിത്സയിലായിരുന്നു. 

 സ്വപ്നാടനം എന്ന ചിത്രത്തിലൂടെയാണ് കെ ജി ജോർജ് സിനിമയിലേക്ക് ചുവടു വെച്ചത്. ഒരു യാത്രയുടെ അന്ത്യം, ഈ കണ്ണി കൂടി, മറ്റൊരാള്‍, കഥയ്ക്കു പിന്നില്‍, ഇരകള്‍, പഞ്ചവടിപ്പാലം, ആദാമിന്റെ വാരിയെല്ല്, ലേഖയുടെ മരണം: ഒരു ഫ്‌ളാഷ്ബാക്ക്, യവനിക, കോലങ്ങള്‍, മേള, ഉള്‍ക്കടല്‍, ഇനി അവള്‍ ഉറങ്ങട്ടെ, രാപ്പാടികളുടെ ഗാഥ, വ്യാമോഹം, സ്വപ്നാടനം എന്നിവയാണ് സംവിധാനം ചെയ്ത ചിത്രങ്ങള്‍. 1998 ൽ പുറത്തിറങ്ങിയ ഇലവങ്കോട് ദേശമാണ് അവസാനചിത്രം. മലയാള സിനിമയുടെ ചരിത്രത്തില്‍ വിപ്ലവകരമായ പല മാറ്റങ്ങള്‍ക്കും അദ്ദേഹം തുടക്കമിട്ടു. വ്യവസ്ഥാപിത നായക-നായിക സങ്കല്‍പ്പങ്ങളെ, കപടസദാചാരത്തെ, അഴിമതിയെ സിനിമയിലൂടെ അദ്ദേഹം ചോദ്യം ചെയ്തു. 

യവനിക, സ്വപ്‌നാടനം, ആദാമിന്റെ വാരിയെല്ല്, ഇരകള്‍ തുടങ്ങിയ ചിത്രങ്ങള്‍ക്ക് അദ്ദേഹത്തിന് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. 2016-ല്‍ ചലച്ചിത്ര രംഗത്തെ സമഗ്രസംഭാവനയ്ക്ക് ജെ.സി. ഡാനിയേല്‍ പുരസ്‌കാരത്തിനും അര്‍ഹനായി. ഗായിക സൽമയാണ് ഭാര്യ. അരുൺ, താര എന്നിവരാണ് മക്കൾ.