പത്തരമാറ്റോടെ ‘പൊൻമാൻ’; പ്രേക്ഷകരെ പിടിച്ചിരുത്തി ‘പിപി അജേഷ്’; കരിയർ ബെസ്റ്റാക്കി ബേസിൽ

ബേസിൽ ജോസഫിനെ നായകനാക്കി നവാഗതനായ ജ്യോതിഷ് ശങ്കർ സംവിധാനം ചെയ്ത ‘പൊൻമാൻ’ തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. പിപി അജേഷ് എന്ന കഥാപാത്രമാണ് ബേസിൽ ജോസഫ് സിനിമയിൽ അവതരിപ്പിക്കുന്നത്. ഗംഭീര പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ബേസിലിന്റെ കരിയർ ബെസ്റ്റ് എന്ന് പറയാൻ കഴിയുന്ന പെർഫോമൻസാണ് സിനിമയിലുടനീളം കാണാൻ കഴിയുക. ജി ആർ ഇന്ദുഗോപൻറെ ‘നാലഞ്ച് ചെറുപ്പക്കാർ’ എന്ന നോവലിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
ദീർഘനാൾ കലാസംവിധായകനായ ജ്യോതിഷ് ശങ്കർ തന്റെ ആദ്യ സംവിധാന സംരംഭത്തിൽ തന്നെ മികച്ച മേക്കിങ് കാഴ്ചവെച്ചിരിക്കുന്നു. സ്വർണവുമായി ബന്ധപ്പെട്ട് കൊല്ലത്തെ ഒരു തീരദേശ ഗ്രാമത്തിൽ നടക്കുന്ന സംഭവമാണ് ചിത്രം പറയുന്നത്. ‘ആവേശ’ത്തിലെ അംബാൻ ആയി തിളങ്ങിയ സജിൻ ഗോപുവും( മരിയാനോ) അരങ്ങു തകർക്കുന്നുണ്ട്. പൂർണമായും കൊല്ലത്തിന്റെ പശ്ചാത്തലത്തിലാണ് ‘പൊൻമാൻ’ ഒരുക്കിയിരിക്കുന്നത്. കൊല്ലത്തിന്റെ കടലോരപ്രദേശത്താണ് കഥയുടെ ഭൂമിക.
ബ്രൂണോ ആയി എത്തുന്ന ആനന്ദ് മന്മഥനും സ്റ്റെഫി എന്ന നായികയായി ലിജോമോളും മികച്ചൊരു പ്രകടനമാണ് നടത്തുന്നത്. സ്ത്രീധന സമ്പ്രദായത്തെയും അതു സമൂഹത്തിലും കുടുംബാന്തരീക്ഷത്തിലുമുണ്ടാക്കുന്ന സമ്മർദ്ദത്തെയും പറഞ്ഞാണ് ചിത്രം കടന്നുപോകുന്നത്. തന്റെ പൊന്നെടുക്കാൻ തലവെട്ടി കാവിലെത്തുന്ന അജേഷിന്റെ കഥയാണ് പൊന്മാൻ. ഒരു ഇമോഷണൽ കോൺഫ്‌ളിക്റ്റിലൂടെയാണ് ചിത്രം പോകുന്നത്.
ദീപക് പറമ്പൊൾ, രാജേഷ് ശർമ്മ, സന്ധ്യ രാജേന്ദ്രൻ, ജയാ കുറുപ്പ്, റെജു ശിവദാസ്, ലക്ഷ്മി സഞ്ജു, മജു അഞ്ചൽ, വൈഷ്ണവി കല്യാണി, ആനന്ദ് നെച്ചൂരാൻ, കെ വി കടമ്പനാടൻ (ശിവപ്രസാദ്, ഒതളങ്ങ തുരുത്ത്), കിരൺ പീതാംബരൻ, മിഥുൻ വേണുഗോപാൽ, ശൈലജ പി അമ്പു, തങ്കം മോഹൻ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ.