സ്വർണം കൊണ്ട് പ്രതികാരമെഴുതാൻ ആമിർ അലിയായി പൃഥ്വിരാജ്; ഖലീഫ ഫസ്റ്റ് ഗ്ലിംസ്, ആവേശത്തോടെ ആരാധകർ

 | 
khalifa

 

പോക്കിരി രാജയ്ക്ക് ശേഷം പൃഥ്വിരാജും സംവിധായകൻ വൈശാഖും വീണ്ടുമൊന്നിക്കുന്ന ഖലീഫയുടെ ഫസ്റ്റ് ഗ്ലിംസ് പുറത്ത്. പൃഥ്വി തന്നെയാണ് തന്റെ സാമൂഹികമാധ്യമങ്ങളിലൂടെ വീഡിയോ പുറത്തുവിട്ടത്. താരത്തിന്റെ പിറന്നാളിനോട് അനുബന്ധിച്ചാണ് ഫസ്റ്റ് ഗ്ലിംസ് ഇറക്കിയത്. 2.51 മിനിറ്റാണ് ഗ്ലിംസിന്റെ ദൈർഘ്യം.

ആമിർ അലി എന്നാണ് ചിത്രത്തിൽ പൃഥ്വിരാജ് അവതരിപ്പിക്കുന്ന കഥാപാത്രത്തിൻ്റെ പേര്. ഈ കഥാപാത്രത്തിന്റെ പാരമ്പര്യം വിളിച്ചോതുന്ന രീതിയിലാണ് ഗ്ലിമ്പ്സ് വീഡിയോ ഒരുക്കിയിരിക്കുന്നത്. പ്രതികാര കഥയായിരിക്കും ഖലീഫ എന്ന സൂചന നേരത്തെ പോസ്റ്ററിലെ തലവാചകത്തിലുണ്ടായിരുന്നു. 'പ്രതികാരം സുവർണ്ണ ലിപികളാൽ എഴുതപ്പെടും', എന്നാണ് സിനിമയുടെ ടാഗ്‌ലൈൻ. ദ റൂളർ എന്നും സിനിമയുടെ പേരിന് മുകളിലായി കാണാം. ചിത്രത്തിലെ മറ്റഭിനേതാക്കളേക്കുറിച്ചുള്ള വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.
 
കടുവയ്ക്ക് ശേഷം ജിനു വി എബ്രഹാം തിരക്കഥയെഴുതുന്ന ചിത്രമാണ് ഖലീഫ. ഛായാഗ്രഹണം - ജോമോൻ ടി ജോൺ, സംഗീതം - ജേക്സ് ബിജോയ്, എഡിറ്റിംഗ് - ചമൻ ചാക്കോ, പ്രൊഡക്ഷൻ ഡിസൈനർ - മോഹൻദാസ്, ആക്ഷൻ - യാനിക്ക് ബെൻ, കോ ഡയറക്ടർ - സുരേഷ് ദിവാകർ, കോസ്റ്റ്യൂംസ് - മഷർ ഹംസ, കലാസംവിധാനം - വിശ്വനാഥ് അരവിന്ദ്, മേക്കപ്പ് - അമൽ ചന്ദ്രൻ, സൗണ്ട് ഡിസൈൻ - സിങ്ക് സിനിമ, അഡീഷണൽ മ്യൂസിക് - ജാബിർ സുലൈം, ഫൈനൽ മിക്സ് - എം ആർ രാജാകൃഷ്ണൻ, പ്രൊഡക്ഷൻ കൺട്രോളർ - റെനി ദിവാകർ, വിനോഷ് കൈമൾ, കളറിസ്റ്റ് - ശ്രീക്ക് വാര്യർ, പോസ്റ്റർ ഡിസൈൻ - എയ്സ്തെറ്റിക്ക് കുഞ്ഞമ്മ, ഡി ഐ - കളർ പ്ലാനറ്റ്, വിഎഫ്എക്സ് - പ്രശാന്ത് നായർ (3ഡിഎസ്), സ്റ്റിൽസ് - സിനാത് സേവ്യർ, പിആർഒ - ശബരി