പൃഥ്വിരാജിന് ഇന്ന് 41-ാം പിറന്നാള്‍; ആശംസകളുമായി ആരാധകർ

 | 
dg

മലയാള സിനിമയിലെ യുവ നടൻന്മാർക്കിടയിൽ കഴിവ് കൊണ്ടും സൗന്ദര്യം കൊണ്ടും അന്നും ഇന്നും മങ്ങലേൽക്കാത്ത താരമാണ് പൃഥ്വിരാജ്. താരത്തിന്റെ 41-ാം പിറന്നാൾ ആണ് ഇന്ന്. നിരവധിപേരാണ് താരത്തിന് ആശംസകളുമായി സോഷ്യൽമീഡിയയിൽ എത്തിയിരിക്കുന്നത്. രാജസേനന്‍ ചിത്രത്തിലൂടെ (നക്ഷത്രക്കണ്ണുള്ള രാജകുമാരന്‍) നടനായും നായകനായും ഒരുമിച്ച് അരങ്ങേറ്റം കുറിച്ച പൃഥ്വിരാജ് ഇന്ന് മലയാളിക്കെന്നല്ല, ഇന്ത്യന്‍ സിനിമാപ്രേമികള്‍ക്കുതന്നെ സുപരിചിതനാണ്.  തന്റേതായ കഴിവ് കൊണ്ട് സിനിമാലോകത്ത് സ്വന്തമായി ഒരിടം നേടിയെടുക്കാൻ വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ പൃഥ്വിരാജിന് കഴിഞ്ഞു.

സിനിമ താരങ്ങളായ സുകുമാരന്റെയും മല്ലിക സുകുമാരന്റെയും മകനായി 1982 ഒക്ടോബർ 16 നായിരുന്നു പൃഥ്വിരാജിന്റെ ജനനം.  മാതാപിതാക്കളുടെ പാത പിന്തുടർന്ന് 18-ാം വയസ്സിൽ തന്നെ അഭിനയലോകത്തേക്ക് എത്തിയ പൃഥ്വിരാജിന്റെ വളർച്ച വളരെ വേഗത്തിലായിരുന്നു. ‘നന്ദനം’, ‘നക്ഷത്രക്കണ്ണുള്ള രാജകുമാരൻ അവനുണ്ടോ ഒരു രാജകുമാരി’ എന്നീ ചിത്രങ്ങളിലാണ് പ്രേക്ഷകർ പൃഥ്വിയെ ശ്രദ്ധിക്കാൻ തുടങ്ങിയത്. നടനായി മാത്രമല്ല സംവിധായകനായും നിർമാതാവായും മലയാസിനിമയിൽ പൃഥ്വിരാജ് കയ്യൊപ്പ് പതിപ്പിച്ചു. മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വാണിജ്യ വിജയം നേടിയ സിനിമയായ ലൂസിഫര്‍ സംവിധാനം ചെയ്തുകൊണ്ട് പൃഥ്വിരാജ് കഴിവ് തെളിയിച്ചു.  

നാലു വർഷങ്ങൾക്കു മുമ്പ് പ്രഖ്യാപിച്ച പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എംപുരാൻ ചിത്രീകരണം പുരോഗമിക്കുകയാണ്. പൃഥ്വിരാജ് സുകുമാരൻ, ശ്രുതി ഹാസൻ, ജഗപതി ബാബു തുടങ്ങിയ താരനിര സിനിമയിലുണ്ട്.പൃഥ്വിരാജിന്റെ ആരാധകർ ആടുജീവിതം വരാനിരിക്കുന്ന ഡിസംബറിൽ തീയറ്ററുകളിൽ എത്തുമെന്ന് പ്രതീക്ഷയിലാണ് ഏവരും.

അതേസമയം പൃഥ്വിരാജ് സുകുമാരന് ആശംസകളറിയിച്ച് ടീം എമ്പുരാൻ എത്തിയിട്ടുണ്ട്. എമ്പുരാന്റെ സംഗീത സംവിധായകൻ ദീപക് ദേവിന്റെ പിറന്നാൾ പാട്ടിലൂടെ തുടങ്ങി സിനിമയുടെ പിന്നണിയിൽ പ്രവർത്തിച്ച് എല്ലാവരും നടന് ജന്മദിനാശംസകൾ നേരുന്ന വീഡിയോ ആശിർവാദ് സിനിമാസ് ആണ് യൂട്യൂബിൽ പുറത്തിറക്കിയത്. വീഡിയോ മോഹൻലാലും പങ്കുവെച്ചിട്ടുണ്ട്. 'എന്റെ സഹോദരന്, എന്റെ എമ്പുരാന് ജന്മദിനാശംസകൾ' എന്നാണ് മോഹൻലാൽ വീഡിയോയിലൂടെ പൃഥ്വിക്ക് ആശംസയറിയിച്ചത്.