ബറോസില്‍ നിന്ന് പൃഥ്വിരാജ് പിന്‍മാറി; കടുവയ്ക്ക് ശേഷം ആടുജീവിതത്തിലേക്ക്

മോഹന്‍ലാല്‍ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രം ബറോസില്‍ നിന്ന് പൃഥ്വിരാജും പിന്‍മാറി. ലോക്ക് ഡൗണ്‍ പ്രതിസന്ധിയില്‍ ചിത്രീകരണം നിര്‍ത്തേണ്ടിവന്ന ചിത്രം ഡിസംബര്‍ 26ന് പുനരാരംഭിച്ചപ്പോളാണ് പൃഥ്വിയുടെ പിന്‍മാറ്റം. ഇപ്പോള്‍ ഷാജി കൈലാസിന്റെ കടുവയില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന പൃഥ്വിരാജ് അതിന് ശേഷം ആടുജീവിതത്തിന്റെ രണ്ടാം ഷെഡ്യൂളിനായുള്ള തയ്യാറെടുപ്പുകള്‍ ആരംഭിക്കും. സമയക്കുറവ് മൂലമാണ് ബറോസില്‍ നിന്ന് പൃഥ്വിരാജ് പിന്‍മാറിയത്.
ആടുജീവിതത്തിനായി ശാരീരികമായി ഏറെ മാറ്റങ്ങള്‍ വേണ്ടതിനാല്‍ കൂടുതല്‍ സമയം ഇതിനായി മാറ്റിവെക്കേണ്ടി വരുമെന്ന് പൃഥ്വിരാജ് നേരത്തേ അറിയിച്ചിരുന്നു. ഫാന്റസി ചിത്രമായ ബറോസില്‍ നിന്ന് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന വിദേശിയായ പെണ്‍കുട്ടിയെയും മാറ്റേണ്ടി വന്നിരുന്നു. ഇതേത്തുടര്‍ന്ന് നേരത്തേ ചിത്രീകരിച്ച ഭാഗങ്ങള്‍ വീണ്ടും ഷൂട്ട് ചെയ്യേണ്ടി വരുമെന്ന് മോഹന്‍ലാല്‍ വ്യക്തമാക്കിയിരുന്നു.
മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന ബറോസ് എന്ന നിധി കാക്കുന്ന ഭൂതത്തിന്റെയും ഒരു കൊച്ചു പെണ്‍കുട്ടിയുടെയും കഥയാണ് ചിത്രം. ഷെയ്‌ല മാക്അഫ്രി എന്ന പെണ്‍കുട്ടിയായിരുന്നു ആദ്യ ഷെഡ്യൂളില്‍ ഈ കഥാപാത്രമായി അഭിനയിച്ചത്. കുട്ടിയുടെ ശാരീരിക മാറ്റങ്ങള്‍ മൂലമാണ് മാറ്റേണ്ടി വന്നത്. ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ സ്പാനിഷ് അഭിനേതാക്കളും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.