രാജന്‍ പിള്ളയുടെ ജീവിത കഥ വെബ് സീരീസ് ആകുന്നു; അഭിനയം, സംവിധാനം പൃഥ്വിരാജ് സുകുമാരന്‍

 | 
Prithviraj Sukumaran

ബിസ്‌കറ്റ് രാജാവ് എന്ന് അറിയപ്പെട്ടിരുന്ന രാജന്‍ പിള്ളയുടെ ജീവിത കഥ വെബ് സീരീസ് ആകുന്നു. സാരെഗമയുടെ യൂദ്‌ലി ഫിലിംസ് നിര്‍മിക്കുന്ന ഹിന്ദി വെബ് സീരീസില്‍ മുഖ്യകഥാപാത്രത്തെ പൃഥ്വിരാജ് അവതരിപ്പിക്കും. തിഹാര്‍ ജയിലില്‍ മരണമടഞ്ഞ മലയാളി വ്യവസായിയുടെ ജീവിതകഥ പറയുന്ന വെബ് സീരീസിന്റെ സംവിധാനം നിര്‍വഹിക്കുന്നതും പൃഥ്വിരാജ് തന്നെയാണ്.

കശുവണ്ടി വ്യവസായിയുടെ മകനായി ജനിച്ച് ഗോവയില്‍ ഫൈവ് സ്റ്റാര്‍ ഹോട്ടല്‍ ബിസിനസ് രംഗത്ത് തുടക്കം കുറിച്ച രാജന്‍ പിള്ള പിന്നീട് സിംഗപ്പൂരിലാണ് തന്റെ വ്യവസായ സാമ്രാജ്യത്തിന് അടിത്തറയിട്ടത്. അമേരിക്കന്‍ കമ്പനിയായ സ്റ്റാന്‍ഡാര്‍ഡ് ബ്രാന്‍ഡ്‌സിന്റെ തലവനായ കനേഡിയന്‍ ബിസിനസുകാരന്‍ റോസ് ജോണ്‍സണുമായി ചേര്‍ന്ന് നടത്തിയ ഏറ്റെടുക്കലുകളിലൂടെ ബ്രിട്ടാനിയ ബിസ്‌കറ്റ് കമ്പനിയുടെ ഉടമയായി രാജന്‍ പിള്ള പിന്നീട് മാറി.

പിന്നീട് മറ്റു പലരുമായും കൂടിച്ചേര്‍ന്ന് 1989ല്‍ 400 ദശലക്ഷം ഡോളറിന്റെ ആസ്തിയുള്ള ആറ് കമ്പനികളുടെ തലവനായി രാജന്‍ പിള്ള മാറി. 1993ല്‍ സിംഗപ്പൂര്‍ കൊമേഴ്‌സ്യല്‍ അഫയേഴ്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് നടത്തിയ അന്വേഷണത്തില്‍ പിള്ള 17.2 മില്യന്‍ ഡോളറിന്റെ തട്ടിപ്പ് നടത്തിയതായി കണ്ടെത്തി. 14 വര്‍ഷത്തെ തടവ് വിധിച്ചെങ്കിലും  1995ല്‍ പിള്ള ഇന്ത്യയിലേക്ക് എത്തിയിരുന്നു.

അതേ വര്‍ഷം ഡല്‍ഹിയിലെ ലെ മെറിഡിയന്‍ ഹോട്ടലില്‍ നിന്ന് പോലീസ് അറസ്റ്റ് ചെയ്ത പിള്ളയെ തിഹാര്‍ ജയിലില്‍ അടച്ചു. ജയിലില്‍ വെച്ച് രാജന്‍ പിള്ള മരിക്കുകയായിരുന്നു. പിള്ളയ്ക്ക് വൈദ്യസഹായം നിഷേധിക്കപ്പെട്ടതായി പിന്നീട് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. വെബ് സീരീസ് 2022 മധ്യത്തോടെ പുറത്തുവരും. എന്നാല്‍ ഏത് പ്ലാറ്റ്‌ഫോമിലായിരിക്കും എന്ന വിവരങ്ങള്‍ പുറത്തു വന്നിട്ടില്ല.