തീയേറ്ററില്‍ ജോജുവിന്റെ ചിത്രമുള്ള റീത്ത് വെച്ച് യൂത്ത് കോണ്‍ഗ്രസ്; പോസ്റ്റര്‍ നീക്കിയില്ലെന്ന് ആരോപണം

 | 
wreath

തീയേറ്ററിനു മുന്നില്‍ ജോജുവിന്റെ ചിത്രമുള്ള റീത്ത് വെച്ച് യൂത്ത് കോണ്‍ഗ്രസ്. നടനെതിരായി തുടരുന്ന പ്രതിഷേധത്തിന്റെ ഭാഗമായാണ് എറണാകുളം ഷേണായീസ് തീയേറ്ററിനു മുന്നില്‍ പ്രവര്‍ത്തകര്‍ റീത്ത് വെച്ചത്. ജോജു അഭിനയിച്ച ചിത്രം തീയേറ്ററില്‍ നിന്ന് മാറിയിട്ടും പോസ്റ്റര്‍ നീക്കിയില്ലെന്നാണ് പ്രതിഷേധം നടത്തിയവരുടെ ആരോപണം.

എറണാകുളം ഡിസിസി ഓഫീസില്‍ നിന്ന് പ്രകടനമായി എത്തിയാണ് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധിച്ചത്. കോവിഡിന് ശേഷം തീയേറ്റര്‍ തുറന്നപ്പോള്‍ ആദ്യം റിലീസ് ചെയ്ത മലയാള സിനിമയാണ് സ്റ്റാര്‍. ഷേണായീസില്‍ ഈ ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു. സിനിമ മാറി ഒരാഴ്ച പിന്നിട്ടിട്ടും പോസ്റ്റര്‍ മാറ്റാത്തതിലാണ് മുദ്രാവാക്യം വിളികളുമായി യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധിച്ചത്.

കോണ്‍ഗ്രസ് നടത്തിയ ദേശീയപാത ഉപരോധ സമരത്തിനെതിരെ റോഡില്‍ ഇറങ്ങി പ്രതികരിച്ച ജോജുവിന്റെ കാര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തല്ലിത്തകര്‍ത്തിരുന്നു. ഈ കേസില്‍ മുന്‍ മേയര്‍ ടോണി ചമ്മണി ഉള്‍പ്പെടെയുള്ളവര്‍ റിമാന്‍ഡിലാണ്. കേസിലെ രണ്ട് പ്രതികള്‍ കൂടി ഇന്ന് കീഴടങ്ങുമെന്നാണ് വിവരം.