സുരേഷ് ഗോപി ചിത്രത്തിന് റിവൈസിങ് കമ്മിറ്റിയുടേയും വെട്ട്; പേര് മാറ്റാൻ നിർദേശിച്ചെന്ന് സംവിധായകൻ

കേന്ദ്രമന്ത്രി സുരേഷ് ഗോപി നായകനായ 'ജെഎസ്‌കെ: ജാനകി vs സ്റ്റേറ്റ് ഓഫ് കേരള' ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡിന്റെ റിവൈസിങ് കമ്മിറ്റിയും മാറ്റം നിര്‍ദേശിച്ചെന്ന് സംവിധായകന്‍ പ്രവീണ്‍ നാരായണന്‍. ചിത്രത്തിന്റേയും കഥാപാത്രത്തിന്റേയും പേരിലെ 'ജാനകി' മാറ്റാന്‍ റിവൈസിങ് കമ്മിറ്റിയും ആവശ്യപ്പെട്ടെന്ന് സംവിധായകന്‍ ഫെയ്‌സ്ബുക്കില്‍ അറിയിച്ചു. റിവൈസിങ് കമ്മിറ്റി വ്യാഴാഴ്ച ചിത്രം വീണ്ടും കണ്ട് വിലയിരുത്താന്‍ തീരുമാനിച്ചതായി സെന്‍സര്‍ ബോര്‍ഡ് കഴിഞ്ഞദിവസം ഹൈക്കോടതിയെ അറിയിച്ചിരുന്നു.
ഹൈക്കോടതി കേസ് വീണ്ടും വെള്ളിയാഴ്ച പരിഗണിക്കും. നേരത്തെ ചിത്രം സ്‌ക്രീനിങ് കമ്മിറ്റി കണ്ടിരുന്നു. എന്നാല്‍, ചിത്രത്തിന് പ്രദര്‍ശനാനുമതി നല്‍കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ചൊവ്വാഴ്ച നിര്‍മാതാക്കളായ കോസ്‌മോസ് എന്റര്‍ടെയ്ന്‍മെന്റ്‌സ് ഹൈക്കോടതിയെ സമീപ്പിച്ചു. സര്‍ട്ടിഫിക്കറ്റ് വൈകുന്നതിനെത്തുടര്‍ന്ന് തങ്ങള്‍ക്ക് 80 ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്ന് നിര്‍മാതാക്കള്‍ ഹൈക്കോടതിയെ അറിയിച്ചു.
ജൂണ്‍ 12-ന് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റിനായും അപേക്ഷ നല്‍കിയിട്ടും ഇതുവരെ ലഭിച്ചില്ലെന്ന് നിര്‍മാതാക്കള്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു. സിനിമയുടെ പേരും കഥാപാത്രത്തിന്റെ പേരും 'ജാനകി' എന്നായതാണ് സര്‍ട്ടിഫിക്കറ്റ് നല്‍കാതിരിക്കാന്‍ കാരണമെന്നാണ് അനൗദ്യോഗികമായി അറിയിച്ചിരിക്കുന്നതെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വെള്ളിയാഴ്ചയാണ് ചിത്രം റിലീസ് ചെയ്യേണ്ടിയിരുന്നത്.