ബോക്സ് ഓഫീസ് വിജയവും നിരൂപക പ്രശംസയും നേടി റോന്ത് കുതിക്കുന്നു. ആദ്യ മൂന്ന് ദിവസത്തെ കളക്ഷൻ 5 കോടി

 | 
ronth

ദിലീഷ് പോത്തൻ, റോഷൻ മാത്യു എന്നിവർ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഷാഹി കബീർ ചിത്രമായ റോന്തിന് റീലീസ് ചെയ്ത ആദ്യ വാരാന്ത്യത്തിൽ മികച്ച കളക്ഷൻ. ആദ്യ മൂന്ന് ദിവസം കൊണ്ട് 5 കോടി രൂപയാണ് ചിത്രം ബോക്സോഫീസിൽ നിന്നും കളക്ട് ചെയ്തത്. പ്രേക്ഷകരുടെ വലിയ പിന്തുണ ലഭിക്കുന്നതിനോടൊപ്പം "റോന്തി"നെ 2025-ലെ മികച്ച ഇന്ത്യൻ ചിത്രമായി മാധ്യമങ്ങളും നിരൂപകരും വിലയിരുത്തുന്നുണ്ട്. റിലീസ് ദിവസം മുതൽ കുടുംബപ്രേക്ഷകർ ഇരുകയ്യോടെ സ്വീകരിച്ചതാണ് ചിത്രത്തിന് ഗുണായത്. 


ദിലീഷ് പോത്തന്റെയും റോഷൻ മാത്യുവിന്റെയും ഈ ചിത്രത്തിലെ പ്രകടനങ്ങൾ അവരുടെ കരിയറിലെ ഏറ്റവും മികച്ചതാണെന്നാണ് പ്രേക്ഷകർ പറയുന്നു. പോലീസുകാരുടെ ഔദ്യോഗിക ജീവിതത്തിന്റെ സൂക്ഷമതലങ്ങൾ ഏറെ സൂക്ഷമതയോടെയും അടക്കത്തോടെയും ഇരുവരും അവതരിപ്പിച്ചിട്ടുണ്ട്.  


കുഞ്ചാക്കോ ബോബൻ, ജീത്തു ജോസഫ്,  സൈജു കുറുപ്പ്, ബെന്ന്യാമിൻ,  ജിയോ ബേബി, ഡോൾവിൻ കുര്യക്കോസ്,നഹാസ് ഹിദായത്ത്, തരുൺ മൂർത്തി, മാലാ പാർവതി തുടങ്ങി സിനിമ രംഗത്തുനിന്നും നിരവധി പേർ റോന്തിനെ പ്രശംസിച്ച് അഭിപ്രായങ്ങൾ പറഞ്ഞിരുന്നു. 


കേരളത്തിൽ കനത്ത  മഴയുണ്ടായിട്ടും തീയ്യേറ്ററിൽ വലിയ പ്രേക്ഷകസാന്നിധ്യം  മൗത്ത് പബ്ലിസിറ്റി കാരണമാണ് ഉണ്ടായത്.  പ്രേക്ഷകരുടെ അഭ്യർത്ഥനയെ തുടർന്ന് കഴിഞ്ഞ വാരാന്ത്യത്തിൽ പലയിടത്തും അധിക ഷോകൾ നടത്തി.  ഗൾഫ് രാജ്യങ്ങളിൽ നിന്നും ചിത്രം മികച്ച കളക്ഷൻ നേടുന്നുണ്ട്. വരും ആഴ്ച്ച യുഎസ്എ, കാനഡ, യുകെ, ജർമ്മനി എന്നിവിടങ്ങളിൽ ചിത്രം റിലീസ് ചെയ്യും.
അടുത്തിടെ പുറത്തിറങ്ങിയ "ഓഫീസർ ഓൺ ഡ്യൂട്ടി" എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഷാഹി കബീറിന്റെ കരിയറിലെ മറ്റൊരു പൊൻതൂവലായി മാറുകയാണ് റോന്ത്. ടൈംസ് ഗ്രൂപ്പിന്റെ സിനിമാ നിർമ്മാണ വിഭാഗമായ ജംഗിൾ പിക്ചേഴ്സും ഫെസ്റ്റിവൽ സിനിമാസും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.