നിരസിച്ചത് 120 കോടിയുടെ ഓഫർ, പുതിയ ചിത്രം ഒടിടിയിലേക്കില്ല; ആമിർ ഖാന് കൈയടിച്ച് മൾട്ടിപ്ലെക്സുകൾ

പുതിയ ചിത്രമായ 'സിത്താരേ സമീന്‍പര്‍' ഒടിടിയില്‍ റിലീസ് ചെയ്യില്ലെന്ന ആമിര്‍ ഖാന്റെ നിലപാടിന് കൈയടിച്ച് മള്‍ട്ടിപ്ലെക്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ. ആമിര്‍ ഖാന്റെ തീരുമാനം ദീര്‍ഘവീക്ഷണവും നിശ്ചയദാര്‍ഢ്യവുമുള്ളതാണെന്ന് സംഘടന അഭിപ്രായപ്പെട്ടു. വെള്ളിയാഴ്ച ചിത്രം തീയേറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പാണ് എംഎഐ പ്രസ്താവന പുറത്തിറക്കിയത്.
'സിത്താരേ സമീന്‍പര്‍ തീയേറ്ററുകളില്‍ മാത്രമായി പുറത്തിറക്കാനുള്ള ആമിറിന്റെ തീരുമാനം, തീയേറ്ററുകളിലുള്ള അദ്ദേഹത്തിന്റെ ആത്മവിശ്വാസത്തെ സൂചിപ്പിക്കുന്നു. തീയേറ്ററുകള്‍ക്കൊപ്പം നിന്നതിന് ആമിര്‍ഖാനോട് നന്ദി പറയുന്നു', എംഎഐ പ്രസിഡന്റും പിവിആര്‍ പിക്‌ചേഴ്‌സ് ലിമിറ്റഡ് സിഇഒയുമായ കമല്‍ ജ്ഞാന്‍ചന്ദനാനി പറഞ്ഞു.
'ആമിര്‍ ഖാന്‍ എപ്പോഴും സിനിമ നിര്‍മിച്ചിട്ടുള്ളത് തീയേറ്റര്‍ അനുഭവത്തിന് വേണ്ടിയാണ്. 'സിത്താരേ സമീന്‍പറി'ലൂടെ തീയേറ്ററുകളെ പിന്തുണയ്ക്കാനുള്ള അദ്ദേഹത്തിന്റെ തീരുമാനം സുപ്രധാനമാണ്. കേവലമൊരു ചിത്രത്തിന്റെ റിലീസ് മാത്രമല്ലിത്, തീയേറ്ററുകളിലുള്ള അചഞ്ചലമായ വിശ്വാസത്തിന്റെ സന്ദേശം കൂടിയാണ്. ധൈര്യപൂര്‍വ്വം തീയേറ്ററുകള്‍ക്കൊപ്പം നിന്നതിന് ആമിര്‍ ഖാന്‍ പ്രൊഡക്ഷന്‍സിനോട് അങ്ങേയറ്റം കടപ്പെട്ടിരിക്കുന്നു', എന്നായിരുന്നു സിനിപോളിസ് സിഇഒ ദേവാംഗ് സമ്പത്തിന്റെ പ്രതികരണം.
ആമിര്‍ ഖാനും ജെനീലിയ ദേശ്മുഖും പ്രധാനവേഷങ്ങളിലെത്തിയ 'സിത്താരേ സമീന്‍പര്‍' വെള്ളിയാഴ്ച തീയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തി. ആര്‍.എസ്. പ്രസന്ന സംവിധാനംചെയ്ത ചിത്രത്തില്‍, ഭിന്നശേഷിക്കാരായ ബാസ്‌ക്റ്റ്‌ബോള്‍ താരങ്ങളുടെ കോച്ചായാണ് ആമിര്‍ വേഷമിടുന്നത്. ഭിന്നശേഷിക്കാരായ 10 അഭിനേതാക്കളും ചിത്രത്തില്‍ അഭിനയിക്കുന്നു.
ആമിര്‍ ഖാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിര്‍മിച്ച ചിത്രം ഒടിടിയില്‍ റിലീസ് ചെയ്യില്ലെന്ന് നേരത്തേ ആമിര്‍ ഖാന്‍ വ്യക്തമാക്കിയിരുന്നു. ആമസോണ്‍ പ്രൈമിന്റെ 120 കോടി വാഗ്ദാനം നിരസിച്ചുവെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. തീയേറ്ററില്‍ ഇറങ്ങി ഒരുവര്‍ഷത്തിന് ശേഷം യൂട്യൂബില്‍ പുറത്തിറക്കുമെന്നാണ് ആമിറിന്റെ പ്രഖ്യാപനം.