മഹേഷിന്റെ പ്രതികാരത്തിലെ മോഹന്‍ലാലിനേക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍: വിശദീകരണവുമായി തിരക്കഥാകൃത്ത്
മഹേഷിന്റെ പ്രതികാരം എന്ന പുതിയ ചിത്രത്തില് മോഹന്ലാലിനെയും മമ്മൂട്ടിയേയും കുറിച്ച് ക്രിസ്പിന് എന്ന കഥാപാത്രം പറയുന്ന സംഭാഷണം ഇപ്പോള് സോഷ്യല് മീഡിയയില് വലിയ ചര്ച്ചയായിക്കഴിഞ്ഞു. മോഹന്ലാല് ആരാധകരെ ആ ഡയലോഗുകള് ചൊടിപ്പിച്ചിട്ടുണ്ട്. മോഹന്ലാല് എല്ലാ കഥാപാത്രങ്ങളേയും അവതരിപ്പിക്കാറില്ലെന്നാണ് സൗബിന് ഷാഹിര് അവതരിപ്പിച്ച ക്രിസ്പിന് പറയുന്നത്. നായര്, മേനോന്, വര്മ്മ എന്നിങ്ങനെയുള്ള മികച്ച കഥാപാത്രങ്ങളെ മാത്രമേ അദ്ദേഹം അവതരിപ്പിക്കാറുള്ളു. മമ്മൂട്ടി അങ്ങനെയല്ല പൊട്ടനും ചട്ടനുമൊക്കെയായി അഭിനയിക്കുമെന്നും അതിനാല് താന് മോഹന്ലാല് ഫാന് ആണെന്നും ക്രിസ്പിന് പറയുന്നു.
സംഭാഷണം വിവാദമായതോടെ സോഷ്യല്‍ മാധ്യമങ്ങളില്‍ ട്രോളുകള്‍ പ്രത്യക്ഷപ്പെടുകയും വലിയ ചര്‍ച്ചകള്‍ ഉയരുകയും ചെയ്തു. മോഹന്‍ലാലാല്‍ അവതരിപ്പിച്ച അത്ര വേഷങ്ങളൊന്നും മറ്റൊരു നടനും മലയാളത്തില്‍ അവതരിപ്പിച്ചിട്ടില്ലെന്നാണ് ആരാധകരുടെ പോസ്റ്റുകള്‍ പറയുന്നത്. മഹേഷിന്റെ പ്രതികാരം നിര്‍മ്മിച്ച ആഷിഖ് അബുവിനെതിരെയും നിരവധി പോസ്റ്റുകള്‍ വന്നിരുന്നു. ഇതിനിടയിലാണ് ഈ വിഷയത്തില്‍ പ്രതികരണവുമായി ചിത്രത്തിന്റെ തിരക്കഥാകൃത്ത് ശ്യാം പുഷ്‌കരന്‍ രംഗത്തെത്തിയത്. ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് സ്ഭാഷണം എഴുതാനുണ്ടായ സാഹചര്യം ശ്യാം വിശദീകരിച്ചത്.
‘ഒരു തമാശയ്ക്കു വേണ്ടി എഴുതിയതാണ് അത്. എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷന്റെ പുറകിലെ ബാര്‍ബര്‍ ഷോപ്പില്‍ നിന്ന് കേട്ടതാണ് ആ വാക്കുകള്‍. കേട്ടപ്പോള്‍ വളരെ രസകരമായി തോന്നി. ക്രിസ്പിന്‍ എന്ന കഥാപാത്രം അങ്ങനെ പറയാന്‍ സാധ്യതയും ഉണ്ട്. അതുകൊണ്ട് ആ കഥാപാത്രത്തിന് ആ സംഭാഷണം നല്‍കിയെന്നേ ഉള്ളൂ. ജീവിതത്തോട് ചേര്‍ന്നു നില്‍ക്കണമെന്ന് എല്ലാവരും പറയും. അങ്ങനെ ചെയ്യുമ്പോള്‍ നമുക്ക് എതിരെ ആള്‍ക്കാര്‍ പറയുകയും ചെയ്യും.’ ശ്യാം പറയുന്നു.
മഹേഷിന്റെ പ്രതികാരത്തെ അങ്ങനെ സ്പൂഫിയാക്കാന്‍ ബോധപൂര്‍വ്വമായ ശ്രമമുണ്ടായിരുന്നില്ലെന്ന് ശ്യാം പുഷ്‌കരന്‍ പറഞ്ഞു. ‘നമ്മുടെ ജീവിതത്തില്‍ തന്നെ എത്രയേറെ ശ്രീനിവാസന്‍ ഡയലോഗുകള്‍ പറയാറുണ്ട്. ട്രോള്‍ വന്നതോടു അതു കൂടുകയും ചെയ്തു. ഭാര്യയും ഭര്‍ത്താവും അച്ഛനും മകനുമൊക്കെ ഇപ്പോള്‍ സിനിമയുമായി ബന്ധപ്പെടുത്തിയാണ് സംസാരിക്കുന്നത്. അത് തിരിച്ചു സിനിമയിലേക്കും പകര്‍ത്തിയെന്നേ ഉള്ളൂ.’ അദ്ദേഹം അഭിമുഖത്തില്‍ പറഞ്ഞു.
എല്ലാ നല്ല സിനിമകളും കൂട്ടായ്മകളില്‍ നിന്നാണ് ഉണ്ടായിട്ടുള്ളത്. ഒരു കൂട്ടായ്മ ഉള്ളതു നല്ലതാണ്, എല്ലാവര്‍ക്കും. എളുപ്പമാണ് ഇങ്ങനെ ജോലി ചെയ്യാന്‍. നമ്മുടെ മണ്ടത്തരങ്ങള്‍ അവര്‍ തിരുത്തുമല്ലോ. ചര്‍ച്ചകളിലൂടെ കഥയും തിരക്കഥയും വികസിക്കുകയും ചെയ്യും. അപ്ലൈഡ് ആര്‍ട്ടാണല്ലോ സിനിമ. അപ്പോള്‍ എല്ലാവരില്‍ നിന്നും സഹകരണങ്ങള്‍ ആവശ്യമാണെന്നും ശ്യാം പറഞ്ഞു.


