തടികുറയ്ക്കാനുള്ള ശസ്ത്രക്രിയക്ക് വിധേയയായ തെലുങ്ക് നടി മരിച്ചു
ന്യൂജേഴ്‌സി: ശരീര സൗന്ദര്യം നിലനിർത്താനായി ശസ്ത്രക്രിയയ്ക്ക് വിധേയയായ തെലുങ്ക് നടി മരിച്ചു. തെലുങ്ക്, തമിഴ് ചലച്ചിത്രതാരമായ ആർതി അഗർവാൾ (31) ആണ് അമേരിക്കയിൽ മരിച്ചത്. ശരീരത്തിൽ അടിഞ്ഞു കൂടിയിരിക്കുന്ന കൊഴുപ്പ് നീക്കം ചെയ്യുന്നതിനുള്ള ശസ്ത്രക്രിയയ്ക്കാണ് (ലിപ്പോസക്ഷൻ സർജറി) നടി വിധേയയായത്. ന്യൂജേഴ്‌സിയിൽ വച്ച് നടന്ന ശസ്ത്രക്രിയ വിജയകരമായിരുന്നില്ലെന്നാണ് റിപ്പോർട്ട്. ഇതിന്റെ ഔദ്യോഗിക സ്ഥിരീകരണം ലഭ്യമായിട്ടില്ല.
ശസ്ത്രക്രിയയ്ക്ക് ശേഷം ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്നാണ് മരണം സംഭവിച്ചതെന്നും അതല്ല, ഹൃദയാഘാതമാണ് കാരണമെന്നുമുള്ള റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. എന്നാൽ യഥാർത്ഥകാരണം വ്യക്തമല്ല. എന്തായാലും ഈ വാർത്ത നടിയുടെ ആരാധകരെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചിരിക്കുകയാണ്. ട്വിറ്ററുൾപ്പെടെയുള്ള സമൂഹ മാധ്യമങ്ങളിൽ ആദരാജ്ഞലികളുടെ പ്രവാഹമാണ്.
ആർതി ജനിച്ചതും വളർന്നതുമെല്ലാം ന്യൂജേഴ്‌സിയിലാണ്. പതിനാലാം വയസിൽ ഫിലാഡൽഫിയയിൽ വച്ച് ഒരു പരിപാടിക്കിടെ ബോളിവുഡ് താരം സുനിൽ ഷെട്ടി ആർതിയെ സ്‌റ്റേജിൽ ഡാൻസ് കളിക്കാൻ ക്ഷണിക്കുകയുണ്ടായി. അവളുടെ പ്രകടനം കണ്ട സുനിൽ ഷെട്ടി മകൾക്ക് വേണ്ട പ്രോത്സാഹനം നൽകണമെന്ന് മാതാപിതാക്കളോട് പറഞ്ഞു. പിന്നീട് തന്റെ 16-ാമത്തെ വയസ്സിൽ ‘പാഗൽപൻ’ എന്ന സിനിമയിലൂടെയാണ് ആർതി ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്. എന്നാൽ ആർതി അത്ര ശ്രദ്ധിക്കപ്പെട്ടില്ല.
എന്നാൽ തെലുങ്ക് സിനിമ അവരെ ഇരുകയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു. നൂവു നാക്കു നചാവ് എന്ന ആദ്യ പടം തന്നെ അവരെ പ്രശസ്തയാക്കി. പിന്നീട് മെഗാസ്റ്റാർ ചിരഞ്ജീവി, നാഗാർജുന, മഹേഷ് ബാബു, രവി തേജ എന്നീ വൻ താരനിരയോടൊപ്പം അഭിനയിക്കാനുള്ള ഭാഗ്യവും ഉണ്ടായി. നൂവുലേഖ നേനുലേനു, ഇന്ദ്ര, ബോബി, വസന്തം എന്നീ പടങ്ങളെല്ലാം ഹിറ്റായിരുന്നു. വെള്ളിയാഴ്ച റിലീസ് ചെയ്ത രണം 2 ആണ് അവസാനം പുറത്തിറങ്ങിയ ചിത്രം. ശ്രീകാന്ത് നായകനായ പമ്പര കണ്ണാലെയാണ് ഏക തമിഴ് ചിത്രം.
2005 ൽ ആർതി ആത്മഹത്യ ചെയ്യാൻ ശ്രമിച്ചിരുന്നു. തെലിങ്കിൽ നിന്നുതന്നെയുള്ള മറ്റൊരു താരവുമായുള്ള ബന്ധത്തെക്കുറിച്ച് വന്ന വാർത്തകളേത്തുടർന്നായിരുന്നു ഇത്.

