വിവാഹം കഴിഞ്ഞെന്ന രീതിയില്‍ ചിത്രങ്ങള്‍ പ്രചരിപ്പിച്ചു; മുന്‍ കാമുകനെതിരെ മാനനഷ്ടക്കേസ് നല്കാന് അമല പോളിന് അനുമതി

ചെന്നൈ: മുന്‍ കാമുകന് ഭവീന്ദര്‍ സിങ്ങിനെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യാന്‍ അമല പോളിന് അനുമതി. മദ്രാസ് ഹൈക്കോടതിയാണ് അനുമതി നല്‍കിയത്. സ്വകാര്യമായി നടത്തിയ വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് തെറ്റിധാരണ സൃഷ്ടിക്കാന്‍ ശ്രമിച്ചുവെന്നാണ് അമലയുടെ പരാതി. 2018ലായിരുന്നു വിവാഹനിശ്ചയം നടന്നത്.
ഇതിന്റെ ചിത്രങ്ങള്‍ തന്റെ അനുമതിയില്ലാതെയാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതെന്നും ഇത് ബോധപൂര്‍വമായിരുന്നുവെന്നും അമല പറയുന്നു. ഗായകന് കൂടിയായ ഭവീന്ദറിന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ വളരെ കുറച്ചു സമയം മാത്രമേ ഈ ചിത്രങ്ങള്‍ ഉണ്ടായിരുന്നുള്ളു. എന്നാല്‍ പെട്ടെന്നു തന്നെ ഇവ ഫാന്പേജുകളിലൂടെ പ്രചരിക്കാന്‍ തുടങ്ങിയിരുന്നു.
കഴിഞ്ഞ മാര്‍ച്ചിലാണ് ചിത്രങ്ങള്‍ പ്രത്യക്ഷപ്പെട്ടത്. ഇതേത്തുടര്‍ന്ന് ഇവര്‍ രഹസ്യമായി വിവാഹിതരായെന്ന് വാര്‍ത്തകള്‍ പ്രത്യക്ഷപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്ത നല്കിയ മാധ്യമങ്ങള്‍ അക്കാര്യം സ്ഥിരീകരിക്കാന്‍ തയ്യാറായിരുന്നില്ല.