ബാഹുബലിക്ക് വേണ്ടി സംവിധായകൻ മ്യൂസിയം നിർമ്മിക്കുന്നു
തെലുങ്കിലെ ഏറ്റവും നിർമ്മാണ ചെലവേറിയ ബാഹുബലി എന്ന ചിത്രത്തിന് വേണ്ടി മ്യൂസിയം ഒരുങ്ങുന്നു. ഹോളിവുഡ് ചിത്രങ്ങൾക്ക് വേണ്ടി മ്യൂസിയം നിർമ്മിക്കുന്നത് പതിവാണെങ്കിലും ഇന്ത്യൻ സിനിമയ്ക്കുവേണ്ടി ഒരു മ്യൂസിയം ഇതാദ്യമാണ്. എസ്.എസ് രാജമൗലിയാണ് ഈ ബ്രഹ്മാണ്ഡ ചിത്രത്തിന്റെ സംവിധായകൻ.
സിനിമയിലെ കഥാപാത്രങ്ങൾക്കു വേണ്ടി തയ്യാറാക്കുന്ന ആയുധങ്ങൾ, പടച്ചട്ടകൾ, വസ്ത്രങ്ങൾ എന്നിവ സൂക്ഷിക്കുന്നതിന് വേണ്ടിയാണ് മ്യൂസിയം ഒരുക്കുന്നത്. ഒരു ബ്രഹ്മാണ്ഡ ചിത്രമായതുകൊണ്ടു തന്നെ ചിത്രത്തിന്റേതെന്നു പറയാൻ ചില അവശേഷിപ്പുകൾ വേണമെന്ന അഭിപ്രായമാണ് സംവിധായകനുള്ളത്. ചിത്രത്തിന്റെ ട്രെയിലർ ജൂൺ ആദ്യവാരം പുറത്തിറങ്ങുമെന്നാണ് വിവരം.
150 കോടി രൂപയാണ് ചിത്രത്തിന്റെ മുതൽമുടക്ക്. തെലുങ്കിലും തമിഴിലും ഒരുങ്ങുന്ന ചിത്രം മലയാളം, ഹിന്ദി തുടങ്ങിയ ഭാഷകളിലേക്ക് മൊഴിമാറ്റിയും എത്തും. പ്രഭാസ്, റാണ. അനുഷ്‌ക ഷെട്ടി, തമന്ന, നാസർ, രമ്യാ കൃഷ്ണൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൽ. മഹാബലി എന്ന പേരിലാണ് ചിത്രം തമിഴിലെത്തുന്നത്.


