തെലുങ്ക് സൂപ്പര്‍താരം ചിരഞ്ജീവിക്ക് കോവിഡ്; ക്വാറന്റൈനില്‍ പ്രവേശിച്ചതായി താരം

മെഗാസ്റ്റാര്‍ ചിരഞ്ജീവിക്ക് കോവിഡ് സ്ഥിരീകരിച്ചു. ട്വിറ്റര്‍ സന്ദേശത്തില്‍ ചിരഞ്ജീവി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ആചാര്യ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പുനരാരംഭിക്കുന്നതിന് മുന്‍പായി നടത്തിയ കോവിഡ് പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ലക്ഷണങ്ങള്‍ ഇല്ലാത്തതിനാല്‍ വീട്ടില്‍ തന്നെ ക്വാറന്റൈനില്‍ കഴിയുകയാണ് താനെന്നും താരം അറിയിച്ചു. കഴിഞ്ഞ 5 ദിവസം താനുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ പരിശോധനയ്ക്ക് വിധേയരാകണമെന്നും താരം അഭ്യര്‍ത്ഥിച്ചു.
സയ്യേ രാ നരസിംഹ റെഡ്ഡി എന്ന ചിത്രത്തിന് ശേഷം കഴിഞ്ഞ മാര്‍ച്ചില്‍ ചിത്രീകരണം ആരംഭിച്ച ചിത്രമാണ് ആചാര്യ. ലോക്ക് ഡൗണ്‍ നിലവില്‍ വന്നതോടെ ഷൂട്ടിംഗ് മുടങ്ങിയ ചിത്രം വീണ്ടും ആരംഭിക്കാനിരിക്കെയാണ് ചിരഞ്ജീവിക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഇതു മൂലം ചിത്രീകരണം ഇനിയും വൈകിയേക്കും. എന്നാല്‍ ഇതു സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ല.
ത്രിഷ ബഹിഷ്കരിച്ചതിലൂടെ വാര്‍ത്തകളില്‍ നിറഞ്ഞ ചിത്രമാണ് ആചാര്യ. താനുമായി ചര്‍ച്ച ചെയ്ത തിരക്കഥയില്‍ നിന്ന് വ്യത്യസ്തമാണ് ചിത്രത്തിന്റേതെന്നും പുതിയതില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉള്ളതിനാല്‍ ചിത്രം ഉപേക്ഷിക്കുകയാണെന്നും ത്രിഷ പിന്നീട് സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരുന്നു. ഈ ട്വീറ്റ് പിന്നീട് ത്രിഷ തന്നെ നീക്കിയിരുന്നു.