കമല്‍ഹാസനും ഗൗതമിയും വേര്‍പിരിയുന്നു; തീരുമാനം അറിയിച്ച് ഗൗതമിയുടെ ബ്ലോഗ്

ചെന്നൈ: ഉലകനായകന്‍ കമല്ഹാസനും ഗൗതമിയും വേര്പിരിയുന്നു. പതിമൂന്നു വര്ഷമായി ഒരുമിച്ചു ജീവിച്ച ശേഷം തങ്ങള് വേര്പിരിയുകയാണെന്ന് ബ്ലോഗിലൂടെ ഗൗതമി തന്നെയാണ് അറിയിച്ചത്. ഹൃദയഭേദകമാണെങ്കിലും ഇങ്ങനെയൊരു തീരുമാനം എടുക്കുകയാണെന്ന് ഗൗതമി അറിയിക്കുന്നു. പരസ്പരമുള്ള ബന്ധങ്ങള്ക്കിടെ രണ്ടുപേരുടെയും വഴി വ്യത്യസ്മാകുന്ന അവസ്ഥ അത്ര സുഖകരമല്ല. ഒന്നുകില് ഒരാള് മറ്റൊരാളുടെ സ്വപ്നങ്ങള്ക്ക് വേണ്ടി വിട്ടുവീഴ്ച ചെയ്യുക അല്ലെങ്കില് ഏകാന്തതയെന്ന സത്യത്തിലേക്ക് നടന്നു നീങ്ങുക. ഇതെന്റെ മനസ്സില് ഒരുപാട് നാളുകളായി അലട്ടുന്നുണ്ടായിരുന്നു. എന്നാല് ഹൃദയഭേദകമായ ഈ സത്യം മനസ്സിലാക്കി ഇങ്ങനെയൊരു തീരുമാനത്തിലെത്താന് രണ്ടു വര്ഷങ്ങള് വേണ്ടി വന്നു. ഗൗതമി വ്യക്തമാക്കി.
Heartbroken to have to share…Life and decisions https://t.co/HPXPUKwPGA via @wordpressdotcom
— Gautami (@gautamitads) November 1, 2016
മാറ്റം അനിവാര്യമാണ്. ഇതില്‍ ആരുടെയും തലയില്‍ കുറ്റം ചുമത്താന്‍ താന്‍ ആഗ്രഹിക്കുന്നില്ല. മനുഷ്യപ്രകൃതിയില്‍ മാറ്റങ്ങള്‍ അനിവാര്യമാണ്. ഈ പ്രായത്തില്‍ ഇങ്ങനെയൊരു തീരുമാനം വേദന നിറഞ്ഞതാണ്. എന്നാല്‍ അത് അത്രയേറെ അത്യാവശ്യമാണ്. ഞാന്‍ ഒരു അമ്മയാണ്. മക്കള്‍ക്ക് വേണ്ടി ഒരു നല്ല അമ്മ ആയിരിക്കുക എന്നതാണ് എന്റെ ഉത്തരവാദിത്തം. അങ്ങനെ ആകാന്‍ എന്റെ ഉള്ളില്‍ തന്നെ മനസമാധാനം വേണം.
സിനിമയിലെത്തിയ കാലം മുതല്‍ കമല്‍ഹാസന്റെ ആരാധികയാണെന്നും ഇനിയും അങ്ങനെ തന്നെ തുടരുമെന്നും ഗൗതമി വ്യക്തമാക്കുന്നു. അദ്ദേഹത്തില്‍ നിന്ന് വളരെയധികം കാര്യങ്ങള്‍ പഠിക്കാന്‍ സാധിച്ചു. ബുദ്ധിമുട്ടുകളില്‍ കൂടെനിന്നു. പല സിനിമകളിലും അദേദേഹത്തിനായി വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്തു. എന്റെ ജീവിതത്തിലെ മറക്കാനാകാത്ത നിമിഷങ്ങളാണ് അവയെല്ലാം. അദ്ദേഹത്തിന് ഇനിയും ഉയര്‍ച്ചകള്‍ ഉണ്ടാകട്ടെയെന്നും ഗൗതമി ആശംസിക്കുന്നു.

