രമ്യാ കൃഷ്ണന്റെ കാറില്‍ നിന്ന് കണക്കിലേറെ മദ്യം പിടികൂടി; ഡ്രൈവര്‍ക്കെതിരെ കേസ്

ചെന്നൈ: നടി രമ്യാ കൃഷ്ണന്റെ ഇന്നോവ ക്രിസ്റ്റ കാറില്‍ നിന്ന് മദ്യം പിടികൂടി. ചെന്നൈ, മുതുകാട് ചെക്ക് പോസ്റ്റില്‍ വെച്ച് നടത്തിയ വാഹന പരിശോധനയിലാണ് വാഹനത്തില്‍ നിന്ന് പോലീസ് മദ്യക്കുപ്പികള്‍ പിടിച്ചെടുത്തത്. 90 കുപ്പി ബിയറും എട്ട് കുപ്പി മദ്യവും വാഹനത്തില്‍ നിന്ന് കണ്ടെത്തിയെന്നാണ് റിപ്പോര്‍ട്ട്. പുതുച്ചേരിയില്‍ നിന്ന് ചെന്നൈയിലേക്ക് വരികയായിരുന്നു വാഹനം. സംഭവത്തില്‍ ഡ്രൈവര്‍ക്കെതിരെ മദ്യം കടത്തിയതിന് പോലീസ് കേസെടുത്തു.
രണ്ട് പ്ലാസ്റ്റിക് പെട്ടികളിലായാണ് ബിയര്‍ സൂക്ഷിച്ചിരുന്നത്. നഗരത്തില്‍ ടാസ്മാക് ഷോപ്പുകളൊന്നും പ്രവര്‍ത്തിക്കുന്നില്ല. ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ക്ക് വിരുദ്ധമായി മദ്യം കടത്തിയതിനാല്‍ കുപ്പികള്‍ പോലീസ് പിടിച്ചെടുത്തു. ഡ്രൈവറെ അറസ്റ്റ് ചെയ്ത് കാനത്തൂര്‍ പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. പിന്നീട് സ്വന്തം ജാമ്യത്തില്‍ ഇയാളെ വിട്ടയച്ചു. ഇയാളെ കൂട്ടിക്കൊണ്ടു പോകാന്‍ നടി കാറോടിച്ച് സ്റ്റേഷനില്‍ എത്തിയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
വ്യാഴാഴ്ചയാണ് സംഭവമുണ്ടായത്. കോവിഡ് ബാധ രൂക്ഷമാകുന്ന സാഹചര്യത്തില്‍ ചെന്നൈ നഗരത്തില്‍ വീണ്ടും ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയേക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തമാണ്. ഇതേത്തുടര്‍ന്ന് സെലിബ്രിറ്റികള്‍ ഉള്‍പ്പെടെ നിരവധി പേര് സമീപ ജില്ലകളില്‍ നിന്നും മറ്റും മദ്യം വാങ്ങി ചെന്നൈയില്‍ എത്തിക്കാന്‍ ശ്രമിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.