പൊന്മകള് വന്താല്‍ ഒടിടി റിലീസ് വിവാദത്തിലേക്ക്; സൂര്യയുടെ ചിത്രങ്ങള്‍ക്ക് തീയേറ്റര്‍ നല്‍കില്ലെന്ന് ഉടമകള്‍

ചെന്നൈ: ജ്യോതിക നായികയാകുന്ന പൊന്മകള് വന്താല്‍ എന്ന ചിത്രം ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യാനുള്ള നീക്കത്തിനെതിരെ തീയേറ്റര്‍ ഉടമകള്‍. സൂര്യയുടെ ചിത്രങ്ങള്‍ റിലീസ് ചെയ്യില്ലെന്ന് തീയേറ്റര്‍ ഉടമകളുടെ സംഘടന അറിയിച്ചു. തമിഴ്നാട് തീയേറ്റര്‍ ആന്‍ഡ് മള്‍ട്ടിപ്ലെക്സ് ഓണേഴ്സ് അസോസിയേഷനാണ് ഈ കടുത്ത തീരുമാനം എടുത്തത്. സൂര്യ അഭിനയിക്കുന്നതും താരത്തിന്റെ നിര്മാണക്കമ്പനിയാ ടു ഡി എന്റര്ടെയിന്മെന്റ്സ് നിര്‍മിക്കുന്നതുമായ ചിത്രങ്ങള്‍ക്കാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.
ലോക്ക് ഡൗണില്‍ തീയേറ്ററുകള്‍ ലഭ്യമല്ലാതെ വന്നതോടെയാണ് ടു ഡി എന്റര്ടെയിന്മെന്റ്സ് നിര്‍മിച്ച പൊന്മകള് വന്താല്‍ ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യാന്‍ തീരുമാനിച്ചത്. മാര്‍ച്ച് 27ന് റിലീസ് ചെയ്യാന്‍ തയ്യാറെടുത്ത ചിത്രം ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ പുറത്തിറക്കാന്‍ കഴിയാതെ വരികയായിരുന്നു. ഈ തീരുമാനം അപലപനീയമാണെന്നാണ് തീയേറ്റര്‍ ഉടമകളുടെ സംഘടന വ്യക്തമാക്കുന്നത്.
തീരുമാനം പുനഃപരിശോധിക്കണമെന്ന് നിര്‍മാതാക്കളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അതിന് തയ്യാറായില്ലെങ്കില്‍ നിര്‍മാണക്കമ്പനിയോ അതുമായി ബന്ധപ്പെട്ടവരോ ഉള്‍പ്പെടുന്ന ചിത്രങ്ങള്‍ക്ക് തിയേറ്റര്‍ നല്‍കില്ലെന്നുമാണ് സംഘടനാ പ്രതിനിധികള്‍ അറിയിക്കുന്നത്. സൂരറൈ പോട്ര് എന്ന ചിത്രമാണ് ഇനി സൂര്യയുടേതായി റിലീസിന് ഒരുങ്ങിയിരിക്കുന്ന ചിത്രം. സുധാ കൊങ്കര സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അപര്‍ണ ബാലമുരളിയാണ് നായിക.