രജനികാന്തിന്റെ രക്തസമ്മര്‍ദ്ദം ഉയര്‍ന്ന നിലയില്‍; ആശുപത്രി വിടുന്ന കാര്യത്തില്‍ തീരുമാനമായില്ല

ഹൈദരാബാദ്: ഇന്നലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന്റെ രക്തസമ്മര്‍ദ്ദം ഉയര്‍ന്ന നിലയില്‍ തുടരുകയാണെന്ന് മെഡിക്കല്‍ ബുള്ളറ്റിന്. പുതിയ ചിത്രമായ അന്നാത്തെയുടെ ചിത്രീകരണത്തിനിടെയാണ് രജനിയെ ഹൈദരാബാദ് അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന്റെ ആരോഗ്യനില നിരന്തരം നിരീക്ഷിച്ചു വരികയാണെന്നും ഡിസ്ചാര്‍ജ് ചെയ്യുന്ന കാര്യത്തില്‍ ഇന്ന് തീരുമാനം എടുക്കുമെന്നും ആശുപത്രി അറിയിച്ചു.
പരിശോധനാഫലങ്ങള്‍ ലഭിക്കാനുണ്ട്. അതിന് ശേഷം ഡിസ്ചാര്‍ജ് സംബന്ധിച്ച് തീരുമാനം എടുക്കുമെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചിരിക്കുന്നത്. അമിത രക്തസമ്മര്‍ദ്ദത്തിനുള്ള മരുന്നുകള്‍ നല്‍കിയിരിക്കുകയാണ്. പരിപൂര്‍ണ്ണ വിശ്രമമാണ് താരത്തിന് നിര്‍ദേശിച്ചിരിക്കുന്നത്. സന്ദര്‍ശകര്‍ക്കും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
രക്തസമ്മര്‍ദ്ദത്തില്‍ വ്യതിയാനങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്നാണ് രജനികാന്തിനെ ഇന്നലെ രാവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് അന്നാത്തെയുടെ സെറ്റില്‍ 8 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. 22-ാം തിയതി നടത്തിയ പരിശോധനയില്‍ രജനികാന്ത് നെഗറ്റീവ് ആയിരുന്നു.