രജനികാന്തിന്റെ രാഷ്ട്രീയ പാര്‍ട്ടിയുടെ പേര് ‘മക്കള്‍ സേവൈ കക്ഷി’ എന്ന് സൂചന; ചിഹ്നം ഓട്ടോറിക്ഷ

ചെന്നൈ: സൂപ്പര്‍സ്റ്റാര്‍ രജനികാന്ത് രാഷ്ട്രീയ പ്രവേശനം നടത്തുന്നത് മക്കള്‍ സേവൈ കക്ഷി എന്ന രാഷ്ട്രീയ പാര്ട്ടിയിലൂടെയായിരിക്കുമെന്ന് സൂചന. അനൈതിന്തിയ മക്കള്‍ ശക്തി കഴകം എന്ന അത്ര അറിയപ്പെടാത്ത രാഷ്ട്രീയ പാര്‍ട്ടിയാണ് പുതിയ പേരില്‍ രജനിയുടെ രാഷ്ട്രീയ പാര്‍ട്ടിയായി മാറുന്നത്. ഓട്ടോറിക്ഷയായിരിക്കും പാര്‍ട്ടിയുടെ ചിഹ്നം എന്നാണ് സൂചന. രജനികാന്ത് ബാബ എന്ന ചിത്രത്തിലൂടെ ജനപ്രിയമാക്കിയ രണ്ടു വിരല്‍ ഹസ്തമുദ്ര ചിഹ്നമാക്കണമെന്ന് തെരഞ്ഞെടുപ്പു കമ്മീഷനില്‍ അപേക്ഷ നല്‍കിയെങ്കിലും കോണ്‍ഗ്രസിന്റെ കൈപ്പത്തിയുമായി സാമ്യമുള്ളതിനാല്‍ അംഗീകാരം ലഭിച്ചില്ലെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഓട്ടോറിക്ഷാ ചിഹ്നം പാര്‍ട്ടിക്ക് തെരഞ്ഞെടുപ്പു കമ്മീഷന് അനുവദിച്ചു കഴിഞ്ഞുവെന്നാണ് വിവരം. ചിഹ്നത്തിനായുള്ള അപേക്ഷയില്‍ രജനിയുടെ പേര് പരാമര്‍ശിച്ചിട്ടുണ്ടെങ്കിലും അപേക്ഷ നല്‍കിയത് ആരാണെന്ന് വ്യക്തമല്ല. അനൈതിന്തിയ മക്കള്‍ ശക്തി കഴകത്തിന്റെ പേര് മക്കള്‍ സേവൈ കക്ഷിയെന്ന് രണ്ടര മാസത്തിന് മുന്‍പാണ് തെരഞ്ഞെടുപ്പ് കമ്മീഷനില്‍ അപേക്ഷ നല് മാറ്റിയത്.
ചിഹ്നത്തിനായി അപേക്ഷ നല്‍കിയിരിക്കുന്നത് വരാനിരിക്കുന്ന തമിഴ്നാട് തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി മത്സരരംഗത്തുണ്ടാകുമെന്നതിന്റെ സൂചനയാണ്. ബാഷ എന്ന ചിത്രത്തില്‍ ഓട്ടോറിക്ഷാ ഡ്രൈവറായി അഭിനയിച്ച രജിനി ഓട്ടോ റിക്ഷാ ചിഹ്നത്തില്‍ തന്നെ മത്സരിക്കുന്നത് തമിഴ്നാട്ടിലെ രാഷ്ട്രീയത്തില്‍ വന്‍ ചലനമുണ്ടാക്കിയേക്കും. കമല്‍ ഹാസനും വരുന്ന തെരഞ്ഞെടുപ്പില്‍ മത്സരരംഗത്തുണ്ടാകും.