ഹൻസികയുടെ അമ്മയായി ശ്രീദേവി വീണ്ടും സിനിമയിലേക്ക്
ഇംഗ്ലീഷ് വിംഗ്ലീഷ് എന്ന ചിത്രത്തിന് ശേഷം ബോളിവുഡ് സ്വപ്ന സുന്ദരി ശ്രീദേവി വീണ്ടും സിനിമാ രംഗത്ത് സജീവമാകുന്നു. വിജയ് നായകനാകുന്ന പുലി എന്ന ചിത്രത്തിലൂടെയാണ് ശ്രീദേവി വീണ്ടും സിനിമാ രംഗത്തേക്ക് എത്തുന്നത്. പത്ത് വർഷത്തിന് ശേഷമാണ് ശ്രീദേവി ഒരു തമിഴ് ചിത്രത്തിൽ അഭിനയിക്കുന്നത് എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
ഹൻസികയും ശ്രുതി ഹാസനും നായികമാരാകുന്ന ചിത്രത്തിൽ ഹൻസികയുടെ അമ്മ വേഷമാണ് ശ്രീദേവിക്ക്. ചിത്രത്തിൽ അഭിനയിക്കുന്ന കാര്യം ശ്രീദേവി തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. തമിഴ് സിനിമാ രംഗത്തേക്ക് വീണ്ടും എത്താൻ സാധിച്ചതിൽ സന്തോഷമുണ്ട്. ചിത്രത്തിലെ കഥാപാത്രം തനിക്ക് പുതിയൊരു അനുഭവമായിരിക്കുമെന്നും ശ്രീദേവി ട്വീറ്റ് ചെയ്തു.
1967ൽ കന്ദൻ കരുണൈ എന്ന തമിഴ് ചിത്രത്തിലൂടെ ബാലതാരമായിട്ടാണ് ശ്രീദേവി തന്റെ അഭിനയജീവിതം ആരംഭിച്ചത്. കെ.ബാലചന്ദർ സംവിധാനം ചെയ്ത മുണ്ട്രു മുടിചു എന്ന ചിത്രത്തിലാണ് ശ്രീദേവി ആദ്യമായി നായികയാകുന്നത്. 1967ൽ പുറത്തിറങ്ങിയ ചിത്രത്തിൽ കമലഹാസനായിരുന്നു നായകൻ. തമിഴ്, തെലുങ്ക്, ഹിന്ദി, മലയാളം, കന്നട ചിത്രങ്ങളിലും ശ്രീദേവി അഭിനയിച്ചിട്ടുണ്ട്. 1996ൽ ഉർദു-ഹിന്ദി ചലചിത്ര നിർമ്മാതാവ് ബോണി കപൂറുമായുള്ള വിവാഹത്തിന് ശേഷം സിനിമാ മേഖലയിൽ നിന്നും വിട്ടു നിൽക്കുകയായിരുന്നു.


