തമിഴ് സീരിയല്‍ താരം വി.ജെ.ചിത്രയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

ചെന്നൈ: തമിഴ് സീരിയല്‍ താരവും അവതാരകയുമായ വിജെ ചിത്രയെ (ചിത്ര കാമരാജ്) തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചെന്നൈയിലെ ഹോട്ടല്‍ മുറിയിലാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്ന് പോലീസ് പറഞ്ഞു. 28 വയസായിരുന്നു. ഇവിപി ഫിലിം സിറ്റിയില്‍ ഷൂട്ടിംഗ് കഴിഞ്ഞ് പുലര്‍ച്ചെ 2.30ഓടെയാണ് ഇവര്‍ മുറിയില്‍ തിരിച്ചെത്തിയത്.
കുളിക്കാന്‍ പോകുന്നുവെന്ന് പറഞ്ഞ് മുറിയില്‍ കയറിയ ചിത്രയെ ഏറെ നേരത്തിന് ശേഷവും കാണാത്തതിനെ തുടര്‍ന്ന് ഹോട്ടല്‍ ജീവനക്കാരെ വിളിക്കുകയായിരുന്നുവെന്ന് ഇവരുടെ ഭാവി വരനായ ഹേമന്ദ് പറഞ്ഞു. ജീവനക്കാര്‍ മുറി തുറന്നപ്പോള്‍ ചിത്രയെ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് വിവാഹം നിശ്ചയിച്ച ഇവര്‍ ഒരുമിച്ചായിരുന്നു താമസിച്ചിരുന്നത്.
വിജയ് ടിവി സംപ്രേക്ഷണം ചെയ്ത പാണ്ഡ്യന് സ്റ്റോര്‍സ് എന്ന സീരിയലിലൂടെയാണ് ചിത്ര ശ്രദ്ധേയയായത്. പിന്നീട് ടിവി ഷോകളിലും സിനിമ അനുബന്ധ ചടങ്ങുകളിലും ഇവര്‍ അവതാരകയായും തിളങ്ങിയിരുന്നു.