കട്ടപ്പ എന്തിന് ബാഹുബലിയെ കൊന്നു; ആ രഹസ്യം രാജമൗലി വെളിപ്പെടുത്തി
ബാഹുബലി കണ്ടിറങ്ങിയവർ പരസ്പരം ചോദിച്ച ചോദ്യമായിരുന്നു എന്തിനാണ് കട്ടപ്പ ബാഹുബലിയെ കൊന്നതെന്ന്. സോഷ്യൽ മീഡിയയും ഈ വിഷയം ചർച്ച ചെയ്തു. ബാഹുബലി രണ്ടിൽ ഇതിനെല്ലാം ഉത്തരമുണ്ടാകുമെന്നും ചിത്രം കാണാൻ സംവിധായകനിട്ട സസ്പെൻസ് ആണെന്നും പറഞ്ഞ് പലരും ചർച്ച അവസാനിപ്പിച്ചു. എന്നാൽ ചോദ്യത്തിന് ഉത്തരം നൽകി സംവിധായകൻ രാജമൗലി സസ്‌പെൻസ് വർദ്ധിപ്പിച്ചിരിക്കുകയാണ്.
ഒരു തെലുങ്ക് ചാനലിന് നൽകിയ അഭിമുഖത്തിലാണ് രാജമൗലി ആ രഹസ്യം തുറന്നു പറഞ്ഞത്. കട്ടപ്പ ബാഹുബലിക്ക് വിശ്വസ്തനാണ്, ഒപ്പം ശിവകാമി ദേവിക്കും വിശ്വസ്തനാണ്. എന്നാൽ അതിലെല്ലാം ഉപരി മറ്റൊരാൾക്ക് കട്ടപ്പ വളരെ കടപ്പെട്ടവനാണ്, അതാണ് ഈ പിന്നിൽ നിന്നുള്ള കുത്തലിന്റെ രഹസ്യമെന്ന് രാജമൗലി പറയുന്നു. ആ മറ്റൊരാൾ ആരായിരിക്കും എന്ന സസ്‌പെൻസിന്റെ പുറകെയാണ് പ്രേക്ഷകരിപ്പോൾ.
ബാഹുബലി രണ്ടിൽ അഭിനയിക്കാൻ വേണ്ടി സത്യരാജ് വിജയ് നായകനാകുന്ന ചിത്രത്തിലെ വില്ലൻവേഷം വേഷം നിരസിച്ചത് വാർത്തയായിരുന്നു. ബാഹുബലി രണ്ടാം പതിപ്പിന് വേണ്ടി 100 ദിനങ്ങളാണ് താരം നീക്കി വച്ചിരിക്കുന്നത്. ബാഹുബലിക്ക് വേണ്ടി തീയതി നൽകിയതിനാൽ വിജയ്‌യുടെ 59-ാം സിനിമയിലെ തകർപ്പൻ വില്ലൻ വേഷമാണ് സത്യരാജ് വേണ്ടെന്ന് വെച്ചത്. 2016ൽ റിലീസ് ചെയ്യാനിരിക്കുന്ന ബാഹുബലി 2ന്റെ ഷൂട്ടിംഗ് ഈ വർഷം മുഴുവൻ വേണ്ടി വരുമെന്നാണ് സൂചന. ഇതിനകം സിനിമയുടെ 40 ശതമാനത്തോളം പൂർത്തിയായി കഴിഞ്ഞുവെന്നും റിപ്പോർട്ടുണ്ട്.
വീഡിയോ കാണാം.

