മൂന്നാംലിംഗക്കാരെ അപമാനിച്ചുവെന്ന് ആരോപണം: ഐ വിവാദത്തിലേക്ക്
ചെന്നൈ: ഷങ്കർ- വിക്രം ചിത്രം ‘ഐ മൂന്നാംലിഗക്കാരെ അപമാനിക്കുവെന്ന് ആരോപിച്ച് ഈ വിഭാഗത്തിൽ പെടുന്നവർ നിയമനടപടിയിലേക്ക്. ഷങ്കറുടെ വീടിനു മുമ്പിൽ ധർണ നടത്താനും പ്രതിഷേധക്കാർക്ക് പദ്ധതിയുണ്ട്. ചിത്രത്തിനെതിരേ ട്രാൻസ്ജെൻഡറുകളുടെ വിവിധ സംഘടകൾ രംഗത്തെത്തിയിട്ടുണ്ട്. സിനിമയ്ക്കെതിരെ കമ്മീഷണർക്ക് പരാതി നൽകുമെന്നും ട്രാൻസ്ജെൻഡർ വിഭാഗത്തിലെ വിവിധ സംഘടനകൾ ഒത്തുചേർന്ന് സമരം സംഘടിപ്പിക്കുമെന്നും സമരത്തിന്റെ സംഘാടക റോസ് വെങ്കടേശൻ പറയുന്നു. ചിത്രത്തിൽ നിന്നും ഇവരെ മോശമായി ചിത്രീകരിക്കുന്ന ഭാഗങ്ങൾ ഒഴിവാക്കണമെന്നാണ് ഇവരുടെ ആവശ്യം.
സിനിമയിൽ ഈ വിഭാഗത്തിൽ നിന്നും ഒരാളെയാണ് മേക്കപ്പ് ആർടിസ്റ്റായി അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിലെ നായകൻ വിക്രത്തിന്റെ കഥാപാത്രത്തോട് ഈ കഥാപാത്രത്തിനുള്ള താൽപ്പര്യത്തെ ചിത്രീകരിച്ചിരിക്കുന്നത് ലൈംഗിക വൈചിത്ര്യമായിട്ടാണെന്നും ഇത് തങ്ങളെ അപമാനിക്കുന്നതിന് തുല്യമാണെന്നും ഇവർ ആരോപിക്കുന്നു.
അതേസമയം, ഷങ്കർ ട്രാൻസ്ജെൻഡർ വിഭാഗത്തെ ഏതെങ്കിലും വിധത്തിൽ അപമാനിച്ചതായി കരുതുന്നില്ലെന്നാണ് ഈ വേഷം ചെയ്ത ഓജാസ് രജനി പറഞ്ഞു.


